Quantcast

മലപ്പുറം ജില്ലയിലെ അനധികൃത പൊലീസ് ഇടപെടലിൽ സർക്കാർ അന്വേഷണത്തിന് തയ്യാറാകണം; കേരള മുസ്‍ലിം ജമാഅത്ത്

‘ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ കാലത്തെടുത്ത മുഴുവൻ കേസുകളും സുക്ഷ്മ പരിശോധന നടത്തി നിയമവിരുദ്ധമായവ സർക്കാർ പിൻവലിക്കണം’

MediaOne Logo

Web Desk

  • Published:

    9 Sep 2024 7:33 AM GMT

മലപ്പുറം ജില്ലയിലെ അനധികൃത പൊലീസ് ഇടപെടലിൽ സർക്കാർ അന്വേഷണത്തിന് തയ്യാറാകണം; കേരള മുസ്‍ലിം ജമാഅത്ത്
X

മലപ്പുറം: ജില്ലയിലെ മുൻ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അനധികൃത പൊലീസ് ഇടപെടലിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നിയമപാലകരുടെ അടിസ്ഥാന ബാധ്യതയായിട്ടും ഗൂഢ ലക്ഷ്യത്തോടെ അതിനെതിരിൽ നിരന്തരം പ്രവർത്തിക്കുന്ന ഉന്നത പൊലീസുദ്യോഗസ്ഥരെ നിലക്ക് നിർത്താനുള്ള ആർജ്ജവം സർക്കാർ കാണിക്കണം. ക്രൈം റിക്കോർഡിൽ രാജ്യത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ കുറ്റകൃത്യങ്ങൾ വളരെ കുറവുള്ളതാണ് ഈ പ്രദേശം. അത്തരമൊരു സ്ഥലത്ത് നിയമപാലകരുടെ പരിധി വിട്ടുള്ള നിയമലംഘന പ്രവർത്തനങ്ങൾ ഏറെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇക്കാലയളവിലുള്ള മുഴുവൻ കേസുകളും സുക്ഷ്മ പരിശോധന നടത്തി നിയമവിരുദ്ധമായി എടുത്ത എല്ലാ കേസുകളും പിൻവലിക്കാനും സർക്കാർ തയാറാകണം.

അതിക്രമത്തിനിരയായ നിരപരാധികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. ജനസൗഹൃദമാവേണ്ട പൊലിസ് സ്റ്റേഷനുകൾ അധാർമ്മികവും നിയമലംഘനപ്രവർത്തനവും നടത്തുന്ന നിലയിലേക്ക് വഴിമാറരുതെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ല ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.

TAGS :

Next Story