സമുദായങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിൽ ചോരകുടിക്കാനാണ് സർക്കാർ ശ്രമമെന്ന് കെ. സുധാകരൻ
പാലാ ബിഷപ്പുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി
സമുദായങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിൽ നോക്കിനിന്ന് ചെന്നായയെ പോലെ ചോരകുടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കുറ്റപ്പെടുത്തി. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെത്തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവിധ മതനേതാക്കളെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിവിധ മതനേതാക്കളെ കണ്ടു. ചങ്ങനാശ്ശേരി ബിഷപ്പ് മാർജോസഫ് പെരിന്തോട്ടത്തെയാണ് ആദ്യം സന്ദർശിച്ചത്. വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനിയെയും സുധാകരൻ സന്ദർശിച്ചു.
പ്രശ്‌ന പരിഹാരത്തിനായി സംയുക്ത വാർത്താ സമ്മേളനം നടത്തിയ താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനിയെയും സി.എസ്.ഐ ബിഷപ്പ് സാബു കോശി ചെറിയാനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു.
സർവകക്ഷി യോഗം വിളിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാജ ഐ.ഡിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ വെള്ളത്തിന് തീ പിടിപ്പിക്കുന്ന തരത്തിലാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങളാണ് പ്രശ്‌നം വഷളാക്കിയതെന്നും വി.ഡി സതീശൻ പറഞ്ഞു.
Adjust Story Font
16