ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്തുമായി സർക്കാർ | Adalats will be organized for immediate disposal of pending land reclassification applications up to 25 cents in various Revenue Divisional Offices and Deputy Collector Offices in the state | Kerala News

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്തുമായി സർക്കാർ

25 സെൻ്റ് വരെയുള്ളവ അടിയന്തരമായി തീർപ്പാക്കും

MediaOne Logo

Web Desk

  • Published:

    7 Sep 2024 1:21 PM

minister k rajan
X

കൊച്ചി: സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടർ ഓഫീസുകളിലും കുടിശ്ശികയായുള്ള 25 സെൻ്റു വരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കും. റവന്യൂ മന്ത്രിയുടെ മേൽനോട്ടത്തിൽ അതത് ജില്ലാ കലക്ടർമാരായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. ഓരോ താലൂക്കിൻ്റെയും പരിധിയിൽ വരുന്ന അപേക്ഷകൾ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും. എറണാകുളത്ത് നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം.

നിലവിൽ 2,83,097 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ ഗണ്യമായ വർധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷണൽ ഓഫീസർമാർക്കുണ്ടായിരുന്ന തരമാറ്റത്തിനുള്ള അധികാരം ഡെപ്യൂട്ടി കലക്ടർമാർക്കു കൂടി നൽകി നിയമ ഭേദഗതി വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്തു വരുന്നത്.

സംസ്ഥാനത്ത് ഏറ്റവും കുടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഫോർട്ടു കൊച്ചി, മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസുകളിലായിരുന്നു. ഇപ്പോൾ ജില്ലയിൽ രണ്ടു റവന്യൂ ഡിവിഷനുകൾക്ക് പുറമെ അധികമായി നാല് ഡെപ്യൂട്ടി കലക്ടർമാർക്കു കൂടി ചുമതല നൽകിയിട്ടുണ്ട്.

റവന്യുമന്ത്രി കെ. രാജൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ. കൗശിഗൻ, ജോയിൻ്റ് കമ്മീഷന്നർ എ. ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, റവന്യു അഡീഷണൽ സെക്രട്ടറി ഷീബ ജോർജ്, ജില്ലാ കലക്ടർമാർ, അസിസ്റ്റൻ്റ് കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.

പട്ടയ സംബന്ധമായ വിഷയങ്ങൾ, ഭൂമി തരംമാറ്റ പുരോഗതി, വിഷൻ ആൻഡ് മിഷൻ പുരോഗതി അവലോകനം, നൂറുദിന പരിപാടി, ഓൺലൈൻ പോക്കുവരവ്, സർക്കാർ ഭൂമി സംരക്ഷണം, മണൽ ഖനനം, ഡിജിറ്റൽ സർവെ പുരോഗതി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.

TAGS :

Next Story