Quantcast

ലക്ഷദ്വീപിൽ നിരവധി പേർക്ക് ഭൂമി നഷ്‌ടമാകും; വിവാദ ഉത്തരവുമായി ഭരണകൂടം

ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്‌ടർ ഉത്തരവിറക്കി

MediaOne Logo

Web Desk

  • Published:

    28 Jun 2024 7:43 AM GMT

lakshadweep
X

കൊച്ചി: ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവ്. വികസന പ്രവർത്തനങ്ങൾക്ക്ഭൂമികണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ ദ്വീപിലെ ഒട്ടേറെ പേരുടെ ഭൂമി നഷ്ടമാകും.

ജന്മം ഭൂമിയും, പണ്ടാരം ഭൂമിയും എന്നിങ്ങനെ രണ്ട് തരം ഭൂമികൾ ആണ് ലക്ഷദ്വീപിൽ ആകെ ഉള്ളതെന്നും, ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ഉത്തരവിന്റെ പല ഭാഗങ്ങളിലും ആവർത്തിച്ചു പറയുന്നുണ്ട്. കൃഷിക്കും മറ്റുമായി പണ്ടാരം ഭൂമി ജനങ്ങൾക്ക് ലീസിന് നൽകിയതാണെന്നും ഉടമസ്ഥാവകാശം നൽകിയിട്ടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. സർക്കാറിന് ആവശ്യമുള്ളപ്പോൾ ഭൂമി തിരിച്ചുപിടിക്കാമെന്നും ഉത്തരവിലുണ്ട്.

റോഡ്, ആശുപത്രികൾ, സ്കൂളുകൾ, തുറമുഖ നവീകരണം, ടൂറിസം തുടങ്ങി നിരവധി വികസന പദ്ധതികൾ ലക്ഷദ്വീപ് ഭരണകൂടം തുടങ്ങുകയാണെന്നും ഇതിന് വേണ്ടി പ്രസ്തുത ഭൂമികൾ തിരിച്ചുപിടിക്കുകയാണെന്നുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വാദം. എന്നാൽ തിരിച്ചുപിടിക്കുന്ന ഭൂമിക്ക് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചേക്കില്ല.

10 ദിവസത്തിനകം ഭൂ ഉടമകൾ രേഖകൾ ഹാജരാക്കണമെന്നും ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെടുന്നു. 10 ദിവസത്തിനകം ഡെപ്യൂട്ടി കലക്ടർമാർ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കണം. ഇതോടെ ലക്ഷദ്വീപിലെ നിരവധി പേരുടെ ഭൂമി നഷ്ടമായേക്കും. വർഷങ്ങളായി ദ്വീപിൽ താമസിക്കുന്നവരും കെട്ടിടം നിർമിച്ചവരും പ്രതിസന്ധിയിലാകും.

TAGS :

Next Story