തനിക്കെതിരായി നടന്ന വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ചരിത്ര കോണ്‍ഗ്രസില്‍ നടന്ന ആക്രമണത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ഗവര്‍ണറുടെ ആരോപണം.
മുഖ്യമന്ത്രിക്കെതിരെ വീണ്ടും തുറന്ന പോരിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകൾ കൈയ്യിലുണ്ടെന്നും അത് നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായി നടന്ന വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി.
2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ഇപ്പോള്‍ ഗവര്‍ണറുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തുകളാണ് പുറത്തുവിടുകയെന്നും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞു. അതേസമയം സർവകലാശാല പ്രവർത്തനത്തിൽ ഇടപെടില്ലെന്ന് അറിയിച്ച ഉറപ്പുകൾ സർക്കാർ ലംഘിച്ചെന്നും മുഖ്യമന്ത്രിയുടെ രീതിയെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ സര്‍വകലാശാലയില്‍ വെച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്നായിരുന്നു ഗവര്‍ണര്‍ മുന്‍പ് ആരോപിച്ചത്. ഈ ആക്രമണത്തിന് പിന്നിൽ സർവകലാശാല വി.സിയാണെന്നും ഗവർണർ പറഞ്ഞിരുന്നു. ''ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണമാണ്. ഡല്‍ഹിയില്‍ ഗൂഢാലോചന നടത്തിയത് മുൻപേ അറിഞ്ഞിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ വിസിയും പങ്കാളിയാണ്. വിസിയുടെ ക്രിമിനല്‍ മനോഭാവം തുറന്നു കാണിക്കുകയാണ് തന്‍റെ ഉദ്ദേശ്യം. കേരളത്തില്‍ ഭരണഘടന സംവിധാനങ്ങള്‍ തകർന്നതിന്‍റെ തെളിവാണിത്...''- അന്ന് ഗവര്‍ണര്‍ പറഞ്ഞത്
വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്നു തുറന്നടിച്ച ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ വലിയ തരത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. അതിനുപിന്നാലെയാണ് മുഖ്യമന്ത്രിക്കും സംഭവത്തെക്കുറിച്ച് അറിവുണ്ടെന്ന തരത്തില്‍ പുതിയ ആരോപണവുമായി ഗവര്‍ണര്‍ രംഗത്തെത്തുന്നത്.
കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൊലീസ് കേസെടുത്തില്ലെന്നും അവരെ തടഞ്ഞതാരാണെന്നും ഗവർണർ ചോദിച്ചിരുന്നു. രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ പൊലീസിനെ ഉപയോഗിക്കുന്ന മുഖ്യമന്ത്രി പിന്നിൽ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞു.
Adjust Story Font
16