Quantcast

ആക്രമണം നടന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം; പൊലീസ് സമരക്കാരെ സഹായിച്ചു- ഗവർണർ

''എനിക്കൊരു പേടിയുമില്ല. എന്തു പ്രത്യാഘാതവും നേരിടാൻ ഞാൻ ഒരുക്കമാണ്. ഒറ്റയ്ക്ക് എവിടെപ്പോകാനും ഞാൻ തയാറാണ്.''

MediaOne Logo

Web Desk

  • Updated:

    2023-12-12 06:33:58.0

Published:

12 Dec 2023 5:14 AM GMT

Governor Arif Mohammed Khan, Kerala Governor, Kerala University, Kerala University arts festival, Intifada
X

ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡൽഹി: എസ്.എഫ്.ഐ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എല്ലാം നടന്നത്. ഇതിനു വേണ്ടി ഗൂഢാലോചന നടത്തിയതും അദ്ദേഹമാണെന്നും ഗവർണർ ആരോപിച്ചു. പ്രതിഷേധക്കാരെ ഓരോ സ്ഥലത്തും എത്തിച്ചത് പൊലീസാണെന്നും അദ്ദേഹം ആരോപണം തുടർന്നു.

''ഞാൻ പൊലീസിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ഈ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കുന്നതിൽനിന്ന് പൊലീസ് തടയപ്പെടുകയായിരുന്നു. പ്രതിഷേധക്കാർ എന്റെ കാറിന്റെ മുന്നിൽനിൽക്കുകയായിരുന്നു. കാറിന്റെ വലത്തും ഇടത്തുമുണ്ടായിരുന്നു. ഇത് അഞ്ചാമത്തെ തവണയാണ് എനിക്കെതിരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ മൂന്ന് സ്ഥലത്താണ് ആക്രമണം നടന്നത്. കരിങ്കൊടി പ്രയോഗത്തിൽ കാറിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്.''-ഗവർണർ ചൂണ്ടിക്കാട്ടി.

''പൊലീസ് വാഹനങ്ങളിലാണ് ഇവരെ ഈ സ്ഥലങ്ങളിലെത്തിയത്. ഓരോ സ്ഥലത്തേക്കും സമരക്കാരെ എത്തിച്ചത് പൊലീസാണ്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. എല്ലാം ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രിയുടെ നിർദേശത്തിലാണു നടന്നത്. മുഖ്യമന്ത്രിയാണ് ഈ ഗൂഢാലോചന നടത്തിയത്. ഗവർണർ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയാണെന്ന് മൂന്നു ദിവസം മുൻപ് അദ്ദേഹം പ്രസ്താവിച്ചിരുന്നു.

എസ്.എഫ്.ഐ മാത്രമല്ല ഇവിടെയുള്ളത്. വേറെ എത്ര വിദ്യാർത്ഥി സംഘടനകളുണ്ട്. ആരെങ്കിലും എനിക്കെതിരെ പ്രതിഷേധിച്ചോ? ഇതെല്ലാം മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാറിനുനേരെ ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണ്? അവരെ തല്ലിച്ചതച്ചത് എല്ലാവരും കണ്ടതാണ്.''

ഞാൻ കാറിൽ ഇരിക്കുകയായിരുന്നോ വേണ്ടത്. അങ്ങനെയാണെങ്കിൽ ചില്ല് തകർത്ത് എനിക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. എനിക്കൊരു പേടിയുമില്ല. എന്തു പ്രത്യാഘാതവും നേരിടാൻ ഞാൻ ഒരുക്കമാണ്. ഒറ്റയ്ക്ക് എവിടെപ്പോകാനും ഞാൻ തയാറാണ്. അകലെ നിന്ന് അവർക്ക് കരിങ്കൊടി കാണിക്കാം. എന്നാൽ, എന്റെ കാറിനടുത്ത് അവരെ വരാൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Summary: Governor Arif Mohammad Khan made strong allegations against the CM Pinarayi Vijayan in the SFI protest. The Governor alleged that everything was done on the instructions of the CM and he was the one who conspired for this

TAGS :

Next Story