Quantcast

അടുത്തിരുന്നു, മുഖത്ത് നോക്കിയില്ല; ഗവർണറുടെ ചായസത്കാരത്തിലും പങ്കെടുക്കാതെ മുഖ്യമന്ത്രി

വേദിയിലേക്ക് കൈകൂപ്പി ഗവർണർ ആദ്യം കടന്നുവന്നെങ്കിലും മുഖ്യമന്ത്രി വന്നതോടെ ഭാവം മാറി

MediaOne Logo

Web Desk

  • Published:

    29 Dec 2023 11:25 AM GMT

governor_pinarayi
X

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധയായത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. പത്ത് മിനിറ്റ് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുമിച്ച് വേദി പങ്കിട്ടും പരസ്പരം മുഖത്ത് പോലും നോക്കാൻ ഇരുവരും തയ്യാറായില്ല. സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയില്‍ എത്തിയത്.

വേദിയിലേക്ക് കൈകൂപ്പി ഗവർണർ ആദ്യം കടന്നുവന്നെങ്കിലും മുഖ്യമന്ത്രി വന്നതോടെ ഭാവം മാറി. അതൃപ്തി പൂർണമായും പ്രകടമാക്കുന്ന ശരീരഭാഷയായിരുന്നു ഗവർണറുടേത്. മുഖ്യമന്ത്രിയും ഗവർണറുടെ ഭാഗത്തേക്ക് നോക്കാൻ തയ്യാറായില്ല. ഗവർണർക്ക് മുന്നിലൂടെ പുതിയ മന്ത്രിമാർക്ക് പൂച്ചെണ്ടുകൾ നൽകുമ്പോഴും ഗവർണറുടെ സാന്നിധ്യം പൂർണമായും അവഗണിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒടുവിൽ ചടങ്ങുകൾ അവസാനിച്ചപ്പോൾ ഗവർണർ മടങ്ങി. സത്യപ്രതിജ്ഞക്ക് പിന്നാലെ ഗവർണർ രാജ്ഭവനിൽ ചായസത്കാരം ഏർപ്പെടുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തില്ല. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും കൗതുകമുള്ള കാഴ്ചയാണ് രാജ്ഭവനിൽ നടന്നത്.

അതേസമയം, കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ക്ഷണിതാക്കൾക്കുമാത്രമേ ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.

TAGS :

Next Story