ജാതിപീഡന പരാതിയിൽ താന്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
രാജ്ഭവനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി ജീവനൊടുക്കിയത് ജാതിപീഡനത്തെ തുർന്നാണെന്നുള്ള ആരോപണം ഉയർന്നിരുന്നു
തിരുവനന്തപുരം: രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതിയിൽ തനിക്ക് ഉത്തരം പറയേണ്ട കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനല്ല ജോലിക്ക് ആളെ വെയ്ക്കുന്നത്, സംസ്ഥാന സർക്കാരാണ്. പരാതികൾ സർക്കാർ അന്വേഷിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി ആത്മഹത്യ ചെയ്തത് ജാതിപീഡനത്തെ തുർന്നാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. മകന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായാണ് വിജേഷിന്റെ മാതാപിതാക്കൾ സംസ്ഥാന പട്ടികവർഗ കമ്മീഷനെ സമീപിച്ചത്.
ഗാർഡൻ സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവർ മകനെ ക്രൂരമായി മർദിച്ചെന്നും രോഗാവസ്ഥയിലായിരുന്നപ്പോൾ കഠിന ജോലികൾ ചെയ്യിപ്പിച്ചെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിച്ചു. ഇതേത്തുടർന്നാണ് കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഇക്കാര്യം അന്വേഷിക്കാൻ മ്യൂസിയം പൊലീസിനെ ചുമതലപ്പെടുത്തി.
ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇത് കൂടാതെ രാജ്ഭവനിലെ ജീവനക്കാരനായിരുന്ന മുരളീധരനും ജാതിപീഡന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇതിലും അന്വേഷണം നടന്നുവരികയാണ്. മീഡിയവൺ വാർത്തയെതുടർന്ന് മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Adjust Story Font
16