Quantcast

പോര് കടുക്കുന്നു; സർക്കാരിന്റെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഗവർണർ, വാർത്താസമ്മേളനം വിളിച്ച് മറുപടി നൽകാൻ മുഖ്യമന്ത്രി

ആരിഫ് മുഹമ്മദ് ഖാൻ പ്രകോപനം തുടർന്നാൽ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയും ആലോചിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-10-10 10:02:58.0

Published:

10 Oct 2024 8:15 AM GMT

ariff mohammed khan
X

തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമർശത്തിൽ ഗവർണർ-മുഖ്യമന്ത്രി പോര് കടുക്കുന്നു. സർക്കാരിന്റെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അഭിമുഖത്തിൽ മലപ്പുറവുമായി ബന്ധപ്പെട്ട പരാമർശം നടത്തിയില്ലെങ്കിൽ അക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയക്കാനാണ് നീക്കം.

ആരിഫ് മുഹമ്മദ് ഖാൻ പ്രകോപനം തുടർന്നാൽ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയും ആലോചിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ നടക്കുന്നുണ്ട് എന്നും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി ഹിന്ദു പത്രത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി പുറത്തുവന്നത്. രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ ഭരണത്തലവനായ തന്നെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന ചോദ്യം ഉന്നയിച്ചായിരുന്നു ഗവർണർ ആദ്യം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

താൻ പറഞ്ഞ കാര്യങ്ങളല്ല പത്രത്തിൽ വന്നതെന്ന് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടിയും നൽകി. ചീഫ് സെക്രട്ടറിയേയും, സംസ്ഥാന പൊലീസ് മേധാവിയേയും വിളിപ്പിച്ചു കാര്യങ്ങൾ തിരക്കാനുള്ള ഗവർണറുടെ നീക്കത്തിന് സർക്കാർ തടയിട്ടു. ഇതിന് പിന്നാലെ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്ത് യുദ്ധം ആരംഭിച്ചു. തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്നതിലുള്ള നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ മറുപടി നൽകി. എന്നാൽ വിഷയത്തിൽ നിന്ന് വിടാൻ ഗവർണർ തയ്യാറല്ല എന്ന സൂചനയാണ് രാജ്ഭവൻ നൽകുന്നത്.

പറയാത്ത കാര്യങ്ങളാണ് പത്രത്തിലൂടെ പുറത്തുവന്നതെങ്കിൽ അക്കാര്യത്തിൽ എന്ത് നടപടി സർക്കാർ സ്വീകരിച്ചു എന്ന ചോദ്യം ഉന്നയിച്ചു വീണ്ടും ഗവർണർ കത്തയച്ചേക്കും. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഉയർത്തി കാട്ടി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനും ഗവർണർ ആലോചിക്കുന്നുണ്ട്. സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗവർണർ വിമർശനങ്ങൾ തുടരുന്നതെന്നും ഈ രാഷ്ട്രീയ ലക്ഷ്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടണമെന്നുമാണ് സിപിഎമ്മിന്റെ തീരുമാനം.

TAGS :

Next Story