Quantcast

​ഗവർണർ, സർക്കാർ, പ്രതിപക്ഷം; 2023 ഭരണരംഗത്തെ ഏറ്റുമുട്ടലുകളുടെ വർഷം

ഇക്കൊല്ലം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി സിഎംആർഎല്ലിലെ മാസപ്പടി വിവാദം മാറി.

MediaOne Logo

Web Desk

  • Published:

    31 Dec 2023 2:08 AM GMT

Governor, Government and Opposition 2023 is a year of confrontations in governance
X

തിരുവനന്തപുരം: ഭരണരംഗത്തെ ഏറ്റുമുട്ടലുകളുടെ ഒരു വർഷമാണ് കടന്നുപോകുന്നത്. അസാധാരണമാം വിധമുള്ള ഗവർണർ സർക്കാർ ഏറ്റുമുട്ടലാണ് 2023ല്‍ കണ്ടത്. പ്രതിപക്ഷവും സർക്കാരും നേർക്കുനേർ നിന്ന് പോർ വിളിക്കുന്നതിനും ഈ വർഷം സാക്ഷിയായി. ഉമ്മന്‍ചാണ്ടിയുടെയും കാനം രാജേന്ദ്രന്‍റേയും മരണങ്ങളാണ് ഇക്കൊല്ലത്തെ രാഷ്ട്രീയ കേരളത്തിന്‍റെ നഷ്ടം.

ഭരണനിർവഹണത്തെ സംബന്ധിച്ചും രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചും സംഭവബഹുലമായിരുന്നു 2023. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലൂടെയായിരുന്നു ഈ വർഷത്തെ വിവാദങ്ങളുടെ തുടക്കം. അധിക വരുമാനം കണ്ടെത്താന്‍ ഭൂമിയുടെ ന്യായവില ഉയർത്തിയും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതും പ്രതിപക്ഷത്തിനുള്ള ആയുധമായി. സഭയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധം പ്രതിപക്ഷം സംഘടിപ്പിച്ചെങ്കിലും സർക്കാർ പിന്നോട്ടുപോയില്ല.

പ്രതിപക്ഷത്തേക്കാള്‍ വീറോടെ സർക്കാരിനെ നേരിട്ട ഗവർണറായിരുന്നു ഇക്കൊല്ലത്തെ അസാധാരണ കാഴ്ച. തൊട്ടതിനും പിടിച്ചതിനുമൊക്കെ ആരിഫ് മുഹമ്മദ് ഖാന്‍ ഉടക്കിട്ടു. അക്ഷരാർഥത്തില്‍ സർക്കാരിനെ വട്ടം കറക്കി. ഗതികെട്ട് സുപ്രിം‌കോടതിയിൽ പോയി സർക്കാർ. അപ്പോഴും ഗവർണർ പദവി മറന്ന് മുഖ്യമന്ത്രിയെ തന്നെ വെല്ലുവിളിച്ചു ആരിഫ് മുഹമ്മദ് ഖാന്‍.

ഗവർണർക്കെതിരെ വിദ്യാർഥികളെ അണിനിരത്തി സിപിഎം പ്രതിരോധം തീർത്തു. മിഠായിത്തെരുവിൽ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ഹല്‍വ കഴിച്ചായിരുന്നു ഗവർണറുടെ പ്രതികാരം. വർഷം അവസാനിക്കുമ്പോഴും ഗവർണറും സർക്കാരും ഇടഞ്ഞുതന്നെ നീങ്ങുന്നു.

ഇക്കൊല്ലം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി സിഎംആർഎല്ലിലെ മാസപ്പടി വിവാദം മാറി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തീർത്തു. കേരളീയം നവകേരള സദസുകള്‍ ഈ വർഷത്തെ പ്രധാന രാഷ്ട്രീയ കാഴചകളായി മാറി. നവകേരള സദസിനെതിരെ ഉയർന്ന പ്രതിഷേധം തെരുവില്‍ ഭരണപ്രതിപക്ഷ തല്ലുമാലകള്‍ ഉണ്ടാക്കി.

മുഖ്യമന്ത്രിയുടെ ജീവന്‍രക്ഷാ പരമാർശം വാക്പോരുകളുടെ യുദ്ധം തീർത്തു. ജനകീയതയുടെ മാജിക് മലയാളിക്ക് കാട്ടിത്തന്ന ഉമ്മന്‍ചാണ്ടിയെ ജൂലൈയിലും ഭരണപക്ഷത്തെ പ്രതിപക്ഷനേതാവായി തിളങ്ങിയ കാനത്തെ ഡിസംബറിലും നഷ്ടപ്പെട്ടത് നികത്താനാകാത്ത വിടവുകള്‍ കേരള രാഷ്ട്രീയത്തിനുണ്ടാക്കി. അവസാനം മന്ത്രിസഭ മുഖം മിനുക്കുന്നത് കൂടി കണ്ടാണ് 2023 അവസാനിക്കുന്നത്. 2024ല്‍ ഇനി എന്തൊക്കെ രാഷ്ട്രീയ കെട്ടുകാഴ്ചകളാണ് കാത്തിരിക്കുന്നതെന്ന് കണ്ടറിയാം.

TAGS :

Next Story