Quantcast

മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്തരത്തിൽ ചാൻസലർ പദവിയിൽ തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

MediaOne Logo

Web Desk

  • Published:

    12 Dec 2021 11:05 AM GMT

മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ
X

ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറുമായി ഏറ്റമുട്ടലിനില്ല. മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേൽ സമ്മർദമുണ്ടായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം.

ഗവർണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. യുജിസി പ്രതിനിധിയും വിദ്യാഭ്യാസ വിദഗ്ധൻമാരും ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റിയാണ് വിസിമാരെ തെരഞ്ഞെടുക്കുന്നത്. സെർച്ച് കമ്മിറ്റി ശിപാർശകളിൽ ഗവർണർക്ക് അഭിപ്രായം രേഖപ്പെടുത്താനാവും. ഗവർണറുടെ അധികാരത്തെ മാനിക്കുന്ന സർക്കാരാണിത്. ചാൻസലർ പദവി സർക്കാർ ആഗ്രഹിച്ചിട്ടില്ലെന്നും ഗവർണർ ആ പദവിയിൽ തുടരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്തരത്തിൽ ചാൻസലർ പദവിയിൽ തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഗവർണറെ ചൊടിപ്പിച്ചത്. സർക്കാർ സമ്മർദത്തിന് വഴങ്ങിയാണ് വിസി നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നാണ് ഗവർണറുടെ നിലപാട്.

ഇത്തരത്തിൽ ഗൗരവമുള്ള ഒരു വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി തന്നെ വന്നുകാണാത്തതിലും ഗവർണർക്ക് അതൃപ്തിയുണ്ട്. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ കണ്ണൂരിലായതിനാലാണ് ഗവർണറെ കാണാനെത്താതിരുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവർണർ അതൃപ്തി ഉന്നയിച്ചപ്പോൾ തന്നെ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ട് സർക്കാർ നിലപാട് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

TAGS :

Next Story