നഗരത്തിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തി ഗവർണർ; കനത്ത സുരക്ഷ
പാസുൾപ്പെടെ നോക്കി ആളുകളെ കൃത്യമായി പരിശോധിക്കുകയും പേരുവിവരങ്ങൾ എഴുതിവാങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അകത്തേക്കു കടത്തിവിടുന്നത്.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തി. നഗരത്തിൽ മാനാഞ്ചിറയിലും മിഠായി തെരുവിലും എത്തി ജനങ്ങളോട് സംവദിച്ച ശേഷമാണ് ഗവർണർ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തിയത്. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
യൂണിവേഴ്സിറ്റിയിലെ സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയിരിക്കുന്നത്. നാല് മണിക്കാണ് സെമിനാർ. പാസുൾപ്പെടെ നോക്കി ആളുകളെ കൃത്യമായി പരിശോധിക്കുകയും പേരുവിവരങ്ങൾ എഴുതിവാങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അകത്തേക്കു കടത്തിവിടുന്നത്. പ്രധാന കവാടത്തിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഒരു മണി മുതൽ തന്നെ ആളുകളെ പ്രവേശിപ്പിച്ചുതുടങ്ങിയിരുന്നു.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പരിപാടി തുടങ്ങുന്നതിന് മുമ്പുതന്നെ ആളുകളെ മുഴുവൻ ഹാളിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. അതിനു ശേഷമായിരിക്കും ഗവർണർ ഹാളിലേക്ക് എത്തുക. പ്രധാനകവാടത്തിന്റെ ഇരുവശങ്ങളിലും റോഡ് ബ്ലോക്ക് ചെയ്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിക്കകത്തും ആയിരത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. എല്ലാ വഴികളിലും ഇത്തരത്തിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. അതേസമയം, ഇന്ന് ഇതുവരെ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടില്ല.
നേരത്തെ, എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍ കറങ്ങിയിരുന്നു. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു. കുട്ടികള്‍ക്കു കൈ കൊടുത്ത ഗവര്‍ണര്‍ അവരെ വാരിയെടുക്കുകയും ചെയ്തു. താന്‍ നഗരത്തിലിറങ്ങുമെന്നും തനിക്ക് സുരക്ഷ വേണ്ടെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
ഇന്നലെ രാത്രി വൻ പ്രതിഷേധമാണ് ഗവർണർക്കെതിരെ യൂണിവേഴ്സിറ്റിയിൽ ഉണ്ടായത്. എസ്എഫ്ഐ സ്ഥാപിച്ച സംഘി ചാൻസലർ വാപസ് ജാവോ എന്ന ബാനർ ഗവർണർ തന്നെ കാറിൽ നിന്നിറങ്ങി പൊലീസിനെ കൊണ്ട് അഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനറുകൾ ഉയർത്തുകയും കാരിക്കേച്ചർ വരയ്ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16