നയപ്രഖ്യാപന കരടിൽ ഒപ്പുവെച്ച് ഗവർണർ; കേന്ദ്രത്തിനെതിരായ വിമർശനങ്ങളും പ്രസംഗത്തിൽ
കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പരാമർശം പ്രസംഗത്തിലുണ്ടെന്നാണ് സൂചന
തിരുവനന്തപുരം: നിയമസഭാ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചു. കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടെന്നാണ് സൂചന. സർക്കാരിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് ഗവർണർ പ്രസംഗത്തില്‍ ഒപ്പ് വച്ചത്.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പ് വയ്ക്കാതെ ഒരു തവണ ഗവർണർ സർക്കാരിനെ മുള്‍മുനയില്‍ നിർത്തിയിട്ടുണ്ട്. ഒരുഘട്ടത്തില്‍ കേന്ദ്രത്തിനെതിരെയ വിമർശനങ്ങള്‍ വായിക്കില്ലെന്ന് നിർബന്ധം പിടിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തവണത്തെ നയപ്രഖ്യാപനപ്രസംഗം അയച്ച് കൊടുത്തപ്പോള്‍ സർക്കാരിനുള്ള ആശങ്ക ചെറുതാരുന്നില്ല. എന്നാല്‍, അതിന് വിരാമമിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പ് വച്ചത്.
ആമുഖത്തിലെ സഭാംഗങ്ങളോടുള്ള അഭിസംബോധന മലയാളത്തിലാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പരാമർശം പ്രസംഗത്തിലുണ്ടെന്നാണ് സൂചന. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന പരാമർശം ഗവർണർ നേരത്തെ നടത്തിയിട്ടുണ്ട്. അതിനെ തള്ളിക്കളയുന്ന പരാമർശവും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
മറ്റ് സംസ്ഥാനത്തേക്കാള്‍ മികച്ച ക്രമസമാധാനനില കേരളത്തിലാണെന്ന് കണക്കുകള്‍ സഹിതം സ്ഥാപിക്കുകയാണ് സർക്കാർ. ഇതെല്ലാം ഉണ്ടെങ്കിലും സർക്കാരിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് ഗവർണർ ഒപ്പ് വച്ചത്. ഇതില്‍ ഏതൊക്കെ ഭാഗം ഗവർണർ വായിക്കുമെന്നാണ് ഇനി അറിയേണ്ടത്. തനിക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങള്‍ ഗവർണർ വായിച്ചില്ലെങ്കിലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം പൂർണമായും സഭ രേഖകളിലുണ്ടാകും.
Adjust Story Font
16