'ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു': ഗവർണർക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിൽ വിമർശനം
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളും ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചു
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കേന്ദ്ര കമ്മറ്റിയോഗത്തിൽ വിമർശനം. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും ഗവർണറുടെ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളും ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചു. ഗവർണറെ പ്രതിരോധിക്കുന്നതിൽ നാളെ വിശദമായ ചർച്ച നടത്താനാണ് തീരുമാനം. കോടിയേരിക്ക് പകരം അംഗത്തെ നിയമിക്കുന്ന കാര്യത്തിലും നാളെ തീരുമാനമാകുമെന്നാണ് വിവരം. നാളെ വൈകിട്ട് ചേരുന്ന പിബി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
സർവകലാശാല വിഷയത്തിലുള്ള കടന്നുകയറ്റവും മന്ത്രിയെ പിൻവലിക്കണമെന്ന ആവശ്യവുമൊക്കെ ആർഎസ്എസ് അജണ്ടയുടെ ഭാഗമായി ഉയർന്നു വരുന്നതാണെന്നും അതുകൊണ്ടു തന്നെ ആ ഒരു തലത്തിൽ അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
മൂന്ന് ദിവസത്തെ യോഗത്തിനാണ് ഇന്ന് ഡൽഹിയിൽ തുടക്കമായത്. ഗവർണർക്കെതിരെ ഒന്നിക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടിയിരിക്കുകയാണ് സർക്കാർ.
Adjust Story Font
16