ഒപ്പിടാതെ ഗവർണർ; ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ തീരുമാനമായില്ല
ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു. ചാൻസിലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കുന്ന ബില്ലിൽ ഗവർണർ നിയമോപദേശം തേടിയിരുന്നു. കൂടാതെ യുജിസിയുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്.
തന്റെ അധികാരം വെട്ടികുറയ്ക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ബിൽ രാഷ്ട്രപതിക്ക് അയക്കാനാണ് സാധ്യത. കഴിഞ്ഞ ഡിസംബർ 13 ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു. എന്നാൽ ഗവർണർ അന്നേരം സംസ്ഥാനത്തുണ്ടായിരുന്നില്ല. ബിൽ കണ്ടിട്ടില്ലെന്നും അതു സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയക്കാനുള്ള സാധ്യത കൂടുതലാണ്.
ഗവർണറുടെ ചാൻസലർ പദവി നീക്കുന്ന ബില്ല് ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കാൻ സാധിക്കും. ഇനിയും ബില്ലിൽ ഒപ്പിടാതെയും വിഷയത്തിൽ തീരുമാനമെടുക്കാതെയും നീട്ടിക്കൊണ്ടു പോവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ സാധ്യതയില്ല.
Adjust Story Font
16