സ്വകാര്യവനങ്ങള്‍ നിക്ഷിപ്തമാക്കൽ ഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി
നിയമസഭ പാസാക്കിയവയില്‍ അനുമതി നല്‍കാതെ വച്ചിരുന്ന ബില്ലുകളില്‍ ഒന്നായിരുന്നു ഇത്.
തിരുവനന്തപുരം: 2023ലെ കേരള സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിൽ കേരള ഗവർണർ ഒപ്പുവച്ചു. 50 സെന്റിൽ താഴെ ഭൂമിയുള്ളവരെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. ഏഴ് മാസം മുൻപ് നിയമ സഭ പാസ്സാക്കിയ ബില്ലിനാണ് അനുമതി.
നിയമസഭ പാസാക്കിയവയില്‍ അനുമതി നല്‍കാതെ വച്ചിരുന്ന ബില്ലുകളില്‍ ഒന്നായിരുന്നു ഇത്. ഈ വിഷയത്തില്‍ 2020 മേയ് മാസം ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും പിന്നീട് ആറ് തവണ ഓര്‍ഡിനന്‍സ് പുനര്‍ വിളംബരം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നെങ്കിലും അതിന് പകരമുള്ള ബില്‍ നിയമസഭയില്‍ പാസാക്കുന്നതിന് സാധിച്ചിരുന്നില്ല.
സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ വനഭൂമിയുടെ കാര്യത്തിലും ഭൂ പരിഷ്‌കരണ നിയമപ്രകാരം നല്‍കിയ പട്ടയം, ആധികാരിക രേഖയാണെന്ന് വിധിച്ചിരുന്നു. ഈ വിധി സംസ്ഥാനത്തെ സ്വകാര്യവനങ്ങളില്‍പെട്ട നിബിഡ വനങ്ങളില്‍ ഏറിയപങ്കും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ബഹുഭൂരിപക്ഷത്തിലും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാവുമെന്നും സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു.
20000 ഹെക്ടര്‍ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ സ്വകാര്യ വനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വനഭൂമി സ്വകാര്യ വനഭൂമി ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ 1971-ലെ സ്വകാര്യ വനങ്ങള്‍ നിക്ഷിപ്തമാക്കല്‍ നിയമപ്രകാരമുള്ള ഫോറസ്റ്റ് ട്രിബ്യൂണലുകള്‍ക്കാണ് അധികാരം. ഭൂ പരിഷ്‌ക്കരണ നിയമപ്രകാരം ജന്മി-കുടിയാന്‍ ബന്ധം ഉള്ള കേസുകളില്‍ മാത്രമാണ് പട്ടയം നല്‍കാവുന്നത്. അതിന് മാത്രമാണ് ലാന്‍ഡ് ട്രിബ്യൂണലുകള്‍ക്ക് അധികാരമുള്ളത്. വന ഭൂമിയ്ക്ക് പട്ടയം നല്‍കാന്‍ ലാന്‍ഡ് ട്രിബ്യൂണലുകള്‍ക്ക് അധികാരമില്ല. ഈ വ്യവസ്ഥ നിലനില്‍ക്കെയായിരുന്നു സുപ്രീം കോടതിയുടെ വ്യാഖ്യാനം വന്നത്.
സ്വകാര്യ വനഭൂമിയ്ക്ക് ഭൂ പരിഷ്‌കരണ നിയമപ്രകാരം പട്ടയം നല്‍കുന്നത് നിലനില്‍ക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. പട്ടയം എന്നത് മറ്റ് രേഖകള്‍ക്കും തെളിവുകള്‍ക്കും ഒപ്പം ഒരു രേഖയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിയമ നിര്‍മ്മാണം നടത്തിയിട്ടുള്ളത്.
50 സെന്റ് വരെയുള്ള ഭൂമിയില്‍ വീട് വച്ച് താമസിച്ചിരുന്ന ചെറുകിട ഭൂവുടമകളെ മാനുഷിക പരിഗണന നല്‍കി ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി അവരുടെ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നത് ഒഴിവാക്കുന്നതിനും ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭേദഗതി നിയമത്തിന് 10.05.1971 മുതല്‍ മുന്‍കാല പ്രബല്യം നല്‍കിയിട്ടുണ്ട്. സ്വകാര്യ വനഭൂമി സംരക്ഷിക്കുന്നതിനുള്ള വലിയൊരു കാല്‍വെപ്പാണ് ഇതെന്നും ചെറുകിട ഭൂ ഉടമകളെ ഒഴിവാക്കിയത് സാധാരണക്കാരായ ആളുകള്‍ക്ക് ആശ്വാസമാകുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
Adjust Story Font
16