കെ.കൃഷ്ണൻകുട്ടിയെ ന്യായീകരിച്ച ഗോവിന്ദൻ ബിജെപി ഏജന്റിനെപ്പോലെ: രമേശ് ചെന്നിത്തല
യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പാർട്ടി സെക്രട്ടറി പറയുന്നതെന്നും കൃഷ്ണൻകുട്ടിയെ പുറത്താക്കാത്തത് അധാർമിക നടപടിയാണെന്നും ചെന്നിത്തല
തിരുവനന്തപുരം: കെ.കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച എം.വി ഗോവിന്ദൻ ബിജെപി ഏജന്റിനെ പോലെയെന്ന് രമേശ് ചെന്നിത്തല. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പാർട്ടി സെക്രട്ടറി പറയുന്നതെന്നും കൃഷ്ണൻകുട്ടിയെ പുറത്താക്കാത്തത് അധാർമിക നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
"ബിജെപിയുടെ ഘടകകക്ഷിയായ ജെ.ഡി എസ് അംഗം കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായികരിച്ച ഗോവിന്ദൻ മാഷ് ബി.ജെ. പിയുടെ ഏജൻ്റിനെപ്പോലെയാണ് സംസാരിക്കുന്നത്. സംസ്ഥാന നേതൃത്വം, ഞങ്ങൾ ദേവഗൗഡക്ക് ഒപ്പമല്ല എന്ന് പറഞ്ഞാൽ തീരുന്ന കാര്യമാണോ ? ദേശീയ പ്രസിഡൻ്റ് ദേവഗൗഡ വിപ്പ് നൽകിയാൽ അംഗീകരിച്ചല്ലേ മതിയാകൂ... അപ്പോൾ പിന്നെ എങ്ങനെയാണ് ഇവർക്ക് ഇടതുപക്ഷ പാർട്ടിയിലും മന്ത്രിസഭയിലും തുടരാൻ കഴിയുക.
ഗോവിന്ദൻ മാഷിൻ്റെ ന്യായീകരണം കേട്ടാൽ തോന്നും സിപിഎംഉം ബി.ജെപിയുടെ ഘടകകക്ഷിയാണെന്ന്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വേണ്ടതുള്ളു. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണു പാർട്ടി സെക്രട്ടറി പറയുന്നത്.ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബിജെപിയുമായുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സർക്കാറിന് ലഭിച്ച ബി.ജെപി വോട്ട് പാർലമെൻ്റ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ്.ഇതിൻ്റെ നീക്ക് പോക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബി.ജെപിയുടെ ഭാഗമായ കൃഷ്ണൻകൂട്ടിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കാത്തതിനു പിന്നിലും. കൃഷ്ണൻകുട്ടിയെ പുറത്താക്കാത്തത് അധാർമിക നടപടിയാണ്". ചെന്നിത്തല പറഞ്ഞു.
കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യത്തിന് പിണറായി വിജയന്റെ പിന്തുണയുണ്ടായിരുന്നെന്ന വാർത്ത ബിജെപിക്ക് വഴിയൊരുക്കാൻ രൂപപ്പെടുത്തിയതാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന. മന്ത്രിയെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലന്നും അതൊരു ധാർമിക പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. എം.വി ഗോവിന്ദന്റെ പ്രസ്താവന.
Adjust Story Font
16