സിസാ തോമസിനെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്; അപ്പീൽ നൽകും
സിസാ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകുക
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല മുൻ വിസി സിസാ തോമസിനെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്. സിസാ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. അപ്പീൽ നൽകാൻ സർക്കാർ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകി. വിവരാവകാശ നിയമപ്രകാരമാണ് സിസാ തോമസിന് മറുപടി ലഭിച്ചത്.
ഡോ.എംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവർണർ കെടിയു വിസി സ്ഥാനത്തേക്ക് സിസയെ നിയമിച്ചത്. ആ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ നിന്നാണ് അന്ന് സിസാ തോമസ് അനുകൂല വിധി നേടിയെടുത്തത്. ഈ വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണിപ്പോൾ സർക്കാർ തീരുമാനം. ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ നൽകാൻ അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വിരമിക്കലിന് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ സിസാ തോമസ് വിവരാവകാശ നിയമപ്രകാരം സർക്കാരിനെ സമീപിച്ചപ്പോളാണ് സർക്കാർ അപ്പീൽ നൽകുന്ന കാര്യം പുറത്തറിയുന്നത്. അപ്പീൽ പോകുന്നതിനാൽ തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നായിരുന്നു സിസയ്ക്ക് സർക്കാരിന്റെ മറുപടി.
Adjust Story Font
16