ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സർക്കാർ മരവിപ്പിച്ചു
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി വനം വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചു. വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ ജനകീയ പ്രതിഷേധമുയർന്നിരുന്നു.
എച്ച്.എൻ.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്നതുമായ സ്ഥലമാണ് റിസർവ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. സർക്കാർ നീക്കം കുടിയേറ്റ കർഷകർക്ക് തിരിച്ചടിയായതോടെ ജനരോഷമുയർന്നു. ഇതോടെയാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. 1996 ഡിസംബർ 12 ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര മാർഗ രേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും യോഗം വിലയിരുത്തി.
കലക്ടർക്ക് അയച്ച കത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് വിജ്ഞാപനം സംബന്ധിച്ച മറ്റ് നടപടികൾ നിർത്തി വെക്കുന്നതായി മന്ത്രിയുടെ ഓഫീസും അറിയിച്ചു. വനം വകുപ്പിന്റെ ആസൂത്രിത നീക്കം അംഗീകരിക്കാനാകില്ലെന്ന് ഭരണ പ്രതിപക്ഷ പാർട്ടികളും നിലപാട് സ്വീകരിച്ചതോടെ നവകേരള സദസിന് മുമ്പായി വിജ്ഞാപനം പിൻവലിക്കാൻ സി.പി.എം ജില്ലാ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു.
സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാവിലെ സൂര്യനെല്ലി വനം വകുപ്പ് ഓഫീസിലേക്ക് ബഹുജനമാർച്ചും നടത്തി. വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾ നേരിടുമെന്നായിരുന്നു എം.എം.മണി എം.എൽ എയുടെ താക്കീത്.
Adjust Story Font
16