സർക്കാർ ലോകായുക്തയുടെ പല്ല് കൊഴിച്ചു: രമേശ് ചെന്നിത്തല
ഇതിനെക്കാളും ഭേദം ലോകായുക്തയെ പിരിച്ചു വിടുന്നതായിരുന്നു നല്ലതെന്നും രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാർ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്ന് രമേശ് ചെന്നിത്തല. ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ലോകായുക്തയെ സമീപിച്ചിരുന്നു. മോദി ചെയ്ത അതേ കാര്യം തന്നെയാണ് പിണറായിയും ചെയ്യുന്നത്. ലോകയുക്തയെ അപ്രസക്തൃമാക്കുന്ന ഓർഡിനൻസ് ഗവർണർ ഒപ്പിടരുത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവുമായോ സ്പീക്കറുമായോ കൂടിയാലോചന നടത്തിയിട്ടില്ല. ഇതിനെക്കാളും ഭേദം ലോകായുക്തയെ പിരിച്ചു വിടുന്നതായിരുന്നു നല്ലത്. സർക്കാർ ലോകായുക്തയെ നോക്കുകുത്തിയാക്കുകയാണ്. സർക്കാർ നീക്കം ഘടക കക്ഷികൾ അറിഞ്ഞിട്ടാണോയെന്നറിയില്ല.പൊതുപ്രവർത്തകർക്കെതിരായ അഴിമതി നിയമത്തിൽ കത്തി വെക്കുന്ന നിലപാടാണ് സർക്കാരിന്റേത്. രമേശ് ചെന്നിത്തല വിശദീകരിച്ചു.
ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിയായിരുന്ന കെ.ടി ജലീൽ രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് അർഹതയില്ലെന്നായിരുന്നു ലോകായുക്ത സർക്കാരിനെ അറിയിച്ചത്. പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയിൽ ചില അഴിച്ചു പണികൾക്ക് സർക്കാർ തയ്യാറാകുന്നതും.ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിൽ സർക്കാർ വ്യക്തമാക്കുന്നുത്. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. നിലവിൽ ലോകായുക്ത നില നിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു കഴിഞ്ഞാൽ നിലവിലുള്ള അധികാരങ്ങൾ ലോകായുക്തയ്ക്ക് ഉണ്ടാവുകയില്ല. ഇതു സംബന്ധിച്ച തർക്കം കോടതിയിൽ എത്തിയാൽ മാത്രമേ കൂടുതൽ ചർച്ചകൾക്ക് സാധ്യതയുള്ളൂ. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധത്തിനും വഴിയൊരുക്കിയേക്കാം. ഇത്തരത്തിൽ വലിയ പ്രത്യാഘാതങ്ങൾക്കും ചർച്ചകൾക്കും വഴി തെളിക്കുന്ന നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തിൽ ഗവർണർ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
Adjust Story Font
16