Quantcast

ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ തീരുമാനത്തിനെതിരെ നിയമപരമായ നീക്കം വേഗത്തിലാക്കാൻ സർക്കാർ

ഗവർണറുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്

MediaOne Logo

Web Desk

  • Updated:

    23 Oct 2023 6:54 PM

Published:

23 Oct 2023 1:26 PM

ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ തീരുമാനത്തിനെതിരെ നിയമപരമായ നീക്കം വേഗത്തിലാക്കാൻ സർക്കാർ
X

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പ്രതിസന്ധി തുടരാനാണ് ഗവർണറുടെ നീക്കമെങ്കിൽ നിയമപരമായ നീക്കം വേഗത്തിൽ ആക്കാനാണ് സർക്കാരിന്റെ ആലോചന. വഴക്കിടാൻ ആണ് താല്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്ന ഗവർണറുടെ ഇന്നലത്തെ വാക്കുകളെ പോരിനുള്ള ക്ഷണമായിട്ടാണ് സർക്കാർ കാണുന്നത്. ഇതോടെ ഉത്തരേന്ത്യയിൽ സംസ്ഥാനങ്ങളിലെതുപോലെ ഗവർണർ - സർക്കാർ നേരിട്ട് പോര് കേരളത്തിലും ഉണ്ടാകും.

മുഖ്യമന്ത്രി രാജ്ഭവനിൽ എത്തി ഭരണപരമായ കാര്യങ്ങൾ തന്നോട് പറയുന്നില്ലെന്ന അതൃപ്തിയും ഗവർണറുടെ വാക്കുകളിലുണ്ട്. എന്നാൽ ബില്ലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി ഗവർണർക്ക് നേരിട്ട് വിശദീകരണം നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

വകുപ്പിന്റെ ചുമതയുള്ള മന്ത്രിമാർ വിശദീകരണം നൽകിയാൽ മതിയാകും. ഗവർണറുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. അതിനാൽ ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരം ചെയ്യേണ്ട ചുമതല ഗവർണർ ചെയ്യുന്നുണ്ടോ എന്നുള്ളതാണ് സർക്കാരിന്റെ ചോദ്യം.

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഭരണഘടനയിൽ സമയം പറഞ്ഞിട്ടില്ലെങ്കിലും അതിനെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുണ്ട്. തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾ സമീപിച്ചപ്പോൾ സുപ്രീംകോടതിയുടെ നിലപാട് ഇതായിരുന്നു. ഇതൊന്നും അംഗീകരിക്കാൻ കേരളത്തിലെ ഗവർണർ തയ്യാറാകുന്നില്ല എന്നുള്ളതാണ് സർക്കാരിന്റെ പരാതി.

അതുകൊണ്ട് ഇത്രയും കാലം വാക്കാൽ പറഞ്ഞുകൊണ്ടിരുന്ന കാര്യം പ്രാവർത്തികമാക്കാനാണ് സർക്കാരിന്റെ നീക്കം. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സർക്കാർ ഉടനടി സമീപിക്കും. മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാലായിരിക്കും സർക്കാർ വേണ്ടി ഹാജരാവുക.

TAGS :

Next Story