പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട, രജിസ്ട്രേഷൻ മതി; കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്ക് വലിയ ഇളവുമായി സർക്കാർ
ബ്രൂവറി കാറ്റഗറി ഒന്നിൽ വരുന്നതാണ്

തിരുവനന്തപുരം : സംസ്ഥാനത്തെ സംരംഭങ്ങൾക്ക് വൻ ഇളവുകൾ നൽകാനുള്ള നീക്കവുമായി സർക്കാർ. കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്ക് ലൈസൻസ് വേണ്ട. പകരം തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള രജിസ്ട്രേഷൻ മാത്രം മതിയാകും. എലപ്പുള്ളിയിൽ തുടങ്ങാൻ പോകുന്ന മദ്യനിർമ്മാണശാല കാറ്റഗറി ഒന്നിലാണോ എന്ന് ചോദ്യത്തിൽ നിന്ന് മന്ത്രി എം.ബി രാജേഷ് ഒഴിഞ്ഞുമാറി. എലപ്പുള്ളിയിലെ മദ്യ നിർമ്മാണശാല കാറ്റഗറി ഒന്നിലാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.അതേസമയം, ബ്രൂവറി കാറ്റഗറി ഒന്നിൽ വരുന്നതാണ്. നിലവിലെ വ്യവസ്ഥ പ്രകാരം ഏകജാലക സംവിധാനത്തിലൂടെ മദ്യനിർമ്മാണശാലയ്ക്ക് അടക്കം ഇപ്രകാരം ലൈസൻസ് ലഭിക്കും.
സംരംഭങ്ങൾ തുടങ്ങുന്നതിന് നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്താൻ ആലോചിക്കുന്നു എന്നാണ് മന്ത്രി എം ബി രാജേഷിൻ്റെ വിശദീകരണം. ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരാനാണ് തദ്ദേശ വകുപ്പിന്റെ ആലോചന. സംരംഭങ്ങളെ രണ്ടായി തരം തിരിക്കും. തദ്ദേശ വകുപ്പുകളിൽ നിന്ന് സംരംഭങ്ങൾക്ക് ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രം മതിയെന്ന തീരുമാനത്തിലേക്കാണ് സർക്കാർ കടക്കുന്നത്. ലൈസൻസ് ലഭിക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കാനാണ് പരിഷ്കാരം. ഇതിലൂടെ നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കും.
കാറ്റഗറി ഒന്നിൽ വരുന്നത് ഉൽപാതന യൂണിറ്റുകളാണ്. പൊലൂഷൻ കൺട്രോൾ ബോർഡിൻറെ വൈറ്റ് - ഗ്രീൻ എന്നിവയിലുള്ള യൂണിറ്റുകൾക്ക് പഞ്ചായത്തിൻറെ രജിസ്ട്രേഷൻ വേണം. റെഡ് -ഓറഞ്ച് വിഭാഗത്തിലുള്ള യൂണിറ്റുകൾ ലൈസൻസ് എടുക്കണം. ഇത് ഏകജാലക സംവിധാനത്തിലൂടെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് എടുക്കാൻ കഴിയും. ഇത് തടയാൻ പഞ്ചായത്തിന് കഴിയില്ല. ഇതും പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി വരും.
വ്യവസായങ്ങളെ സഹായിക്കുന്ന തീരുമാനമാണ് തദ്ദേശ വകുപ്പിന്റേതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. നിക്ഷേപക സംഗമത്തിന് മുന്നോടിയായിട്ടാണ് വ്യവസായ സംരംഭത്തിൽ മാറ്റം വരുത്താനുള്ള നീക്കം. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനായ കമ്മറ്റിയുടെ ശിപാർശകളാണ് പ്രാബല്യത്തിൽ വരുത്തുന്നത്.
അതേസമയം, മദ്യ കമ്പനിക്ക് വേണ്ടി സർക്കാർ ചട്ടങ്ങളെ വരെ ഭേദഗതി ചെയ്യുന്നുവെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രേവതി ബാബു. ഇത് പഞ്ചായത്തുകളുടെ അധികാരത്തിന്മേലുള്ള കൈക്കടത്തലാണ്. അഴിമതി പണം വാങ്ങി എക്സൈസ് മന്ത്രി കമ്പനിക്ക് കൂട്ട് നിന്നാണ് ഭേദഗതി കൊണ്ട് വന്നത്. സർക്കാർ എന്ത് ചെയ്താലും എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പനി കൊണ്ടു വരാൻ അനുവദിക്കില്ലെന്നും രേവതി ബാബു പറഞ്ഞു.
Adjust Story Font
16