Quantcast

സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ക്കായി നിയമ നിർമാണം നടത്താന്‍ സര്‍ക്കാര്‍

അമിത ഫീസ് ഈടാക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    12 May 2024 3:26 AM GMT

educational coaching  centers,coaching  centers,latest malayalam news,kerala educational  centers,breaking news malayalam,സ്വകാര്യ കോച്ചിങ് സെന്‍റര്‍, കേരളം,സ്വകാര്യ വിദ്യാഭ്യാസപരിശീലന കേന്ദ്രങ്ങള്‍
X

തിരുവനന്തപുരം: വൻകിട ട്യൂഷൻ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾക്കായി നിയമനിർമാണം നടത്താൻ സർക്കാർ.എല്ലാ സ്ഥാപനങ്ങളും ഏകീകൃത ഫീസ് സംവിധാനത്തിനുകീഴിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് കരട് നിയമം തയ്യാറാക്കി ഉടൻ നിയമ വകുപ്പിന് കൈമാറും.

ഇന്നത്തെക്കാലത്ത് സ്കൂൾ വിദ്യാഭ്യാസകാലത്തെ നിർണായക ഘടകമാണ് ട്യൂഷൻ സെൻററുകളും കോച്ചിംഗ് സ്ഥാപനങ്ങളും. ഇതിലും പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസിന് വേണ്ടി പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണ് ഏറെ പ്രധാനം. എന്നാൽ ഈ സ്ഥാപനങ്ങൾ ഒന്നും തന്നെ ഏകീകൃത നിയമപ്രകാരമല്ല പ്രവർത്തിക്കുന്നത്. ഈടാക്കുന്ന ഫീസാണ് ഏറ്റവും കഠിനം. ഓരോ സ്ഥാപനത്തിനും തോന്നിയ തുകയാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്.

ഹോസ്റ്റലുകളുടെ പ്രവർത്തനം, പഠന സമയം തുടങ്ങി വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായും പരാതികൾ ഉണ്ട്. ഇത്തരം പരാതികൾ വർദ്ധിച്ചതോടെയാണ് ഒരു ഏകീകൃത നിയമസംവിധാനം വേണമെന്ന തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിനും പഠിപ്പിക്കുന്ന കോഴ്സിനും അനുസരിച്ച് ഏകീകൃത ഫീസ് എന്നതാകും നിയമത്തിലെ പ്രധാന ഉള്ളടക്കം. വിദ്യാർഥികൾ എന്ന നിലയ്ക്ക് ലഭിക്കേണ്ട അവകാശങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെടുന്നു എന്നും നിയമം ഉറപ്പാക്കും.

ട്യൂഷൻ സെന്ററുകൾ, മറ്റ് വിവിധ കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. ഈ നിയമനിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഉടൻതന്നെ കരട് നിയമം തയ്യാറാക്കി നിയമ വകുപ്പിന് കൈമാറും. നിയമ വകുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബില്ല് നിയമസഭയിൽ എത്തിക്കാനാണ് സർക്കാർ തീരുമാനം.


TAGS :

Next Story