ബില്ലുകളിൽ ഒപ്പിടാൻ മടിച്ച് ഗവർണർ, സർക്കാറിന് തലവേദന; സുപ്രിംകോടതിയെ സമീപിക്കും
പ്രധാനപ്പെട്ട ബില്ലുകളില്‍ ഒപ്പിടാത്തത് കൊണ്ട് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. മാത്രമല്ല ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ല എന്ന ആക്ഷേപവും സർക്കാരിനുണ്ട്
തിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് സർക്കാർ തുടക്കമിട്ടു. നിയമനടപടിയല്ലാതെ മറ്റ് മാർഗങ്ങള്‍ ഇല്ലെന്ന് നിയമസെക്രട്ടറി സർക്കാരിനെ അറിയിച്ചു. എജിയുടെ നിയമോപദേശം കൂടി ലഭിച്ചാല്‍ വൈകാതെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും
ഭരണഘടനയുടെ 200 ാം അനുഛേദപ്രകാരമാണ് നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവർണർ ഒപ്പിടേണ്ടത്..ബില്ലുകളില്‍ സംശയമുണ്ടെങ്കില്‍ അതാത് വകുപ്പ് മന്ത്രിമാരെ വിളിച്ച് വരുത്തി ഗവർണർ വിശദീകരണം തേടണം. അതില്‍ തൃപ്തിയില്ലെങ്കില്‍ സർക്കാരിന് തിരിച്ചയക്കണം..അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കണം. എന്നാല്‍ ഇതൊന്നും കേരളത്തിലെ ഗവർണർ ചെയ്യുന്നില്ല.
പ്രധാനപ്പെട്ട ബില്ലുകളില്‍ ഒപ്പിടാത്തത് കൊണ്ട് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. മാത്രമല്ല ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ല എന്ന ആക്ഷേപവും സർക്കാരിനുണ്ട്. ഈ പശ്ചാത്തലിത്തലാണ് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സർക്കാർ ആലോചിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷന്‍റെ അടക്കം നിയമോപദേശം ഇതിന് അനൂകൂലമായി സർക്കാരിന് മുന്നിലുണ്ട്.
സർക്കാർ വൃത്തങ്ങളുടെ കൂടി അഭിപ്രായം തേടുകയാണ് ഭരണസംവിധാനം. സർവ്വകലാശാലകളുടെ ഭരണത്തില്‍ അടക്കം പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് നിയമസെക്രട്ടറി സർക്കാരിന് അറിയിച്ചിരിക്കുന്നത്. ഇത് പരിഗണിച്ച് കൊണ്ട് അഡ്വ ജനറലിന്‍റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. റിപ്പോർട്ട് വേഗത്തില്‍ നല്‍കാനുള്ള നിർദ്ദേശം എജിക്ക് നല്‍കിട്ടിയിട്ടുണ്ട്. റിപ്പോർട്ട് അനുകൂലമാകാനാണ് സാധ്യത..അങ്ങനെയെങ്കില്‍ അധികം വൈകാതെ സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും.
Adjust Story Font
16