Quantcast

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി; അഞ്ച് കോടി നൽകും

പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാന്റേഷൻ, മ്ലാമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി നൽകാൻ തീരുമാനമായത്

MediaOne Logo

Web Desk

  • Published:

    25 March 2024 1:09 AM GMT

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി; അഞ്ച് കോടി നൽകും
X

ഇടുക്കി: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാൻ തീരുമാനം. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ വ്യാഴാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. കമ്പനികൾ അംഗീകരിച്ച പ്രകാരം അഞ്ച് കോടിയോളം രൂപയാണ് ഇപ്പോൾ നൽകുന്നത്. പൂട്ടിയ തോട്ടങ്ങളിൽ തൊഴിലാളികളുടെ ദുരിത ജീവിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാന്റേഷൻ, മ്ലാമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി നൽകാൻ തീരുമാനമായത്. തൊഴിലാളികൾക്ക് നൽകാനുള്ള തുക അടക്കാൻ പീരുമേട് ടീ കമ്പനി വിസമ്മതിച്ചതിനെ തുടർന്ന് 2,08,71,848 രൂപ സർക്കാരാണ് ലേബർ കമ്മീഷണറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. മ്ലാമല എസ്റ്റേറ്റ് 1,92,45,394 രൂപയും, എം.എം.ജെ.1,63,07833 രൂപയും ലേബർ കമ്മീഷനിൽ അടച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക ആറ് മാസത്തിനകം നൽകണമെന്ന സുപ്രിംകോടതി ഉത്തരവിനെത്തുടർന്നാണ് നടപടി.

അതേസമയം, സുപ്രിംകോടതി നിയമിച്ച ഏകാംഗ കമ്മീഷൻ കണ്ടെത്തിയ ഗ്രാറ്റുവിറ്റി കുടിശ്ശിക തോട്ടം മാനേജ്മെന്റുകൾ നൽകിയ കണക്കിനേക്കാൾ കൂടുതലാണ്. കമ്മീഷൻ സമർപ്പിച്ച കണക്കാണ് ശരിയെന്ന് കണ്ടെത്തിയാൽ ബാക്കിയുള്ള തുക കോടതി നിശ്ചയിക്കുന്ന പലിശ സഹിതം ഉടമകൾ നൽകണം. ഇന്റർ നാഷണൽ യൂണിയൻ ഓഫ് ഫുഡ് അഗ്രികൾച്ചറൽ ആന്റ് അതേഴ്സ് എന്ന സംഘടന നൽകിയ ഹരജിയെ തുടർന്നാണ് പ്രശ്നത്തിൽ സുപ്രിംകോടതി ഇടപെട്ടതും കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട.ജഡ്ജി ജസ്റ്റിസ്.അഭയ് മനോഹർ സാപ്രേയയെ ഏകാംഗ കമ്മീഷനായി നിയോഗിച്ചതും.

TAGS :

Next Story