Quantcast

ബി.ജെ.പി സംഘടനാ സെക്രട്ടറിയുടെ സ്ഥാനം തെറിച്ചതിന് പിന്നിൽ 'ഗ്രൂപ്പിസം'

സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രനെ നീക്കി പകരം ശോഭാ സുരേന്ദ്രനെ നിയമിക്കാനുള്ള നീക്കങ്ങൾ സുഭാഷ് നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    20 July 2024 1:14 AM GMT

ബി.ജെ.പി സംഘടനാ സെക്രട്ടറിയുടെ സ്ഥാനം തെറിച്ചതിന് പിന്നിൽ ഗ്രൂപ്പിസം
X

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനം പുതിയയൊരാൾക്ക് നൽകാതെ നിലവിലുള്ള വ്യക്തിയെ മാറ്റുന്നത് കേരളത്തിലെ ആർ.എസ്.എസിൻ്റെ ചരിത്രത്തിൽ. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ പാളയത്തിൽ പടയൊരുക്കുന്നതിൽ കെ.സുഭാഷിനെതിരെ ആർ.എസ്.എസിൽ കടുത്ത അതൃപ്തി നിലനിന്നിരുന്നു.

ഏറെനാളുകളായി ശോഭാ സുരേന്ദ്രനെ കൂട്ടുപിടിച്ച് സംസ്ഥാന ബി.ജെ.പിയിൽ ഔദ്യോഗികപക്ഷ വിരുദ്ധ ചേരിയുണ്ടാക്കാൻ സുഭാഷ് ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രനെ നീക്കി പകരം ശോഭാ സുരേന്ദ്രനെ നിയമിക്കാനുള്ള നീക്കങ്ങൾ സുഭാഷ് നടത്തിയിരുന്നു.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പക്ഷം മേൽക്കൈ നേടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. പകരം ശോഭയെ കേന്ദ്രമന്ത്രിസ്ഥാനത്ത് എത്തിക്കാനായി അടുത്തനീക്കം. കൂടാതെ തിരുവനന്തപുരത്തെ ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരം നിർമിക്കുന്നതിന്റെ സാമ്പത്തിക ചുമതലകൾ മുഴുവൻ സുഭാഷിനായിരുന്നു. ഇതിൻ്റെ കണക്കുകളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നുള്ള ആരോപണം പല നേതാക്കളും ഉന്നയിക്കുകയും ചെയ്തു.

പാലുകാച്ചൽ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാത്തതിൽ പലർക്കും അതൃപ്തിയുണ്ടായി. ഇതുകൂടാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സുഭാഷിനെതിരെ പരാതിപ്പെട്ടു. സുരേഷ് ഗോപിയുടെ വിവാദമായ ഇന്ദിരാഗാന്ധി പരാമർശത്തിൽ സുഭാഷ് ഫേസ്ബുക്ക് വഴി പരസ്യ പ്രതികരണം നടത്തിയതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. പരാതികൾ വർധിച്ചതോടെ സുഭാഷിനെ മാറ്റിയതായി ആർ.എസ്.എസ് ഇന്നലെ പ്രഖ്യാപിച്ചു. എന്നാൽ പുതിയ സംഘടനാ സെക്രട്ടറിയെ പ്രഖ്യാപിച്ചിട്ടുമില്ല.

TAGS :

Next Story