ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ ഇന്ന് പുനർ ലേലം ചെയ്യും
രാവിലെ 11 മണിക്ക് ഗുരുവായൂർ മേല്‍പത്തൂർ ഓഡിറ്റോറിയത്തിൽ വച്ചാണ് ലേലം
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ ഇന്ന് പുനർ ലേലം ചെയ്യും. രാവിലെ 11 മണിക്ക് ഗുരുവായൂർ മേല്‍പത്തൂർ ഓഡിറ്റോറിയത്തിൽ വച്ചാണ് ലേലം.
നേരത്തെ എറണാകുളം സ്വദേശി അമൽ മുഹമ്മദ് വാഹനം ലേലത്തിൽ പിടിച്ചെങ്കിലും ഒരാൾ മാത്രം പങ്കെടുത്തതിനാൽ ലേലം അംഗീകരിക്കാൻ ദേവസ്വം ഭരണസമിതി തയ്യാറായിരുന്നില്ല. പിന്നീട് അമൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ദേവസ്വം കമ്മീഷണർ ലേലം റദ്ദാക്കുകയും ചെയ്തു. പുനർ ലേലത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വാഹനം ലേലത്തിൽ പിടിച്ച അമൽ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
മഹീന്ദ്ര കമ്പനി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചതായിരുന്നു ഥാര്‍. ഇത് ലേലത്തിന് വെക്കുമ്പോള്‍ നിരവധി പേര്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരാള്‍ മാത്രമായിരുന്നു എത്തിയത്. ഖത്തറില്‍ വ്യവസായിയും ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ, ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും, വാഹനം വിട്ടുനല്‍കുന്നതില്‍ പുന:രാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേല തീരുമാനത്തില്‍ ആശയക്കുഴപ്പമാകുകയായിരുന്നു. 2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് ക്ഷേത്രത്തിലേയ്ക്ക് മഹീന്ദ്ര കമ്പനി സമര്‍പ്പിച്ചത്.
Adjust Story Font
16