Quantcast

'ഹജ്ജ് യാത്രാ നിരക്ക് ഏകീകരിക്കണം'; നിരക്ക് വർധന കരിപ്പൂരിനെ തകർക്കാനുള്ള ശ്രമം: എം.കെ രാഘവൻ എംപി

കരിപ്പൂരിൽനിന്ന് ഹജ്ജ് എംബാർക്കേഷൻ മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് എം.കെ രാഘവൻ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    2 Jan 2025 4:44 PM GMT

Train Passengers issues will be raised in Parliament: MK Raghavan MP
X

കോഴിക്കോട്: കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമായി ഏകീകരിക്കണമെന്ന് എം.കെ രാഘവൻ എംപി. ടെണ്ടർ നടപടികൾ പൂർത്തിയാകും മുമ്പ് തീർഥാടകരുടെ പക്ഷത്ത് നിന്ന് പരിഹാരമുണ്ടാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും എം.കെ രാഘവൻ കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ്കാര്യ മന്ത്രി കിരൺ റിജിജുവിനും വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹൻ നായിഡുവിനും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 83 ശതമാനത്തിലേറെ വരുന്ന തീർഥാടകർ തെരഞ്ഞെടുക്കുന്ന കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് ഘട്ടം ഘട്ടമായി തകർക്കാനുള്ള നീക്കമാണ് കഴിഞ്ഞ വർഷത്തിന് തുടർച്ചയായി ഇത്തവണയും നടക്കുന്നതെന്ന് എംപി ആരോപിച്ചു. ടെണ്ടർ നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും നിരക്ക് പരിധി നിശ്ചയിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം 10,515 തീർഥാടകർ യാത്ര തിരിച്ച കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് 5755 തീർഥാടകരാണ്. കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് തകർക്കാൻ സ്വകാര്യ വിമാനത്താവള മാനേജ്‌മെന്റുകളും എയർലൈൻ കമ്പനികളും സംയുക്തമായി നടത്തുന്ന ശ്രമമാണ് അധിക നിരക്കിന് പിന്നിലെന്ന് ഇതിലൂടെ തെളിയുകയാണെന്നും എം.പി പറഞ്ഞു.

പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറയുന്ന 1,25,000 രൂപ ഇരു വശത്തേക്കുമുള്ള യാത്രയെ സംബന്ധിച്ച് ക്രമാതീതമായ നിരക്കാണ്. ഏതെല്ലാം എയർലൈനുകൾ ടെണ്ടറിൽ പങ്കെടുത്തെന്ന് വെളിപ്പെടുത്തണം. കോഴിക്കോട് വിമാനത്താവളം വലിയ വിമാന സർവീസുകൾക്ക് പര്യാപ്തമാണ്. ഹജ്ജ് യാത്രക്കായി വലിയ വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിരക്ക് കുറക്കാൻ ഇത് സഹായകമാകുമെന്നും എംപി പറഞ്ഞു.

TAGS :

Next Story