സാദിഖലി തങ്ങൾക്ക് രാജിക്കത്ത് കൊടുത്തയച്ചു: ഹകീം ഫൈസി
സമസ്തയുടെ ആദർശമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അതിൽനിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ല. ആദർശത്തിൽ ഉറച്ചുനിന്ന് പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. പുതിയ മാറ്റങ്ങളെ വ്യതിയാനമായി ചിലർ കണക്കാക്കുയാണെന്നും ഹകീം ഫൈസി
Hakeem Faizy
മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾക്ക് കൊടുത്തയച്ചെന്ന് ഹകീം ഫൈസി ആദൃശേരി. സി.ഐ.സി ജനറൽ ബോഡിയാണ് തന്റെ രാജി അംഗീകരിക്കേണ്ടത്. സി.ഐ.സി ഒരു കുടുംബമാണ്. അതിലുള്ള ആർക്കും അതൃപ്തിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.ഐ.സിയെ അനാഥമാക്കി പോവുന്നത് സമൂഹത്തോടുള്ള അനീതിയാണ്. കൊറോണ സമയത്ത് പ്രവർത്തനങ്ങൾ നിലച്ചുപോയ വാഫി സംവിധാനം ഇപ്പോൾ ലൈവായി കൊണ്ടുവരികയാണ്. സമസ്തയിലെ ഒരു വിഭാഗം അസ്വസ്ഥതകളുണ്ടാക്കുകയാണ്. ഒരു വിഭാഗം തന്റെ രാജി ആഗ്രഹിക്കുന്നു. അതേസമയം വലിയൊരു വിഭാഗം തന്റെ രാജിയിൽ വേദനിക്കുന്നവരാണ്.
സമസ്തയുടെ ആദർശമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അതിൽനിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ല. ആദർശത്തിൽ ഉറച്ചുനിന്ന് പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. പുതിയ മാറ്റങ്ങളെ വ്യതിയാനമായി ചിലർ കണക്കാക്കുയാണെന്നും ഹകീം ഫൈസി പറഞ്ഞു.
നാദാപുരത്ത് നടന്ന സി.ഐ.സി പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്ന് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹകീം ഫൈസി വ്യക്തമാക്കി. തങ്ങൾ പറഞ്ഞാൽ പിന്നെ താൻ ആ പരിപാടിയിൽ പങ്കെടുക്കില്ല. തങ്ങൾ തനിക്ക് കൈ തന്ന ശേഷമാണ് വേദി വിട്ടത്. ആ പരിപാടിയിൽ മാത്രമല്ല, മറ്റു പല പരിപാടികളിലും തങ്ങളോടൊപ്പം പങ്കെടുത്തിരുന്നു. സാദിഖലി തങ്ങളെ ഒരു വിഭാഗം സമ്മർദത്തിലാക്കുകയാണെന്നും ഹകീം ഫൈസി പറഞ്ഞു.
സി.ഐ.സിയിൽ അധ്യാപകരടക്കം 118 പേർ രാജിവെക്കുമെന്നും ഹകീം ഫൈസി അറിയിച്ചു. എന്നാൽ ഈ സംവിധാനത്തെ അനാഥമാക്കി പോകില്ല. പകരം സംവിധാനം ഉണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവർക്കുണ്ടാവുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കേണ്ടത് പണ്ഡിത സഭയാണ്. സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ ബോഡി വിളിച്ച് പ്രശ്ങ്ങൾ ചർച്ച ചെയ്യുമെന്നാണ് കരുതുന്നതെന്നും ഹകീം ഫൈസി പറഞ്ഞു.
മുസ് ലിം ലീഗ് സി.ഐ.സി വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും ഹകീം ഫൈസി വ്യക്തമാക്കി. ലീഗിലെ ചില നേതാക്കൾ സംസാരിച്ചിരുന്നു. അവരിൽതന്നെ വലിയൊരു വിഭാഗം തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് രാജിവെക്കുന്നത്. സി.ഐ.സിക്ക് വേണമെങ്കിൽ നിയമപരമായി മുന്നോട്ടുപോകാനാവും. പക്ഷേ അത്തരം രീതി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16