ശബരിമലയിലെ ഹലാൽ ശർക്കര: യാഥാർത്ഥ്യമെന്ത്?
ശബരിമലയില്‍ അരവണ, അപ്പം നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതാണ് സംഘ്പരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ഹിന്ദുത്വസംഘടനകളും രംഗത്ത് എത്തിയതോടെ വിവാദം കൊഴുത്തു
ശബരിമലയിലെ ഹലാൽ ശർക്കര വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണല്ലോ? അരവണപ്രസാദത്തിന് ഉപയോഗിക്കാനായി എത്തിച്ചിരിക്കുന്നത് ഹലാൽമുദ്രപതിപ്പിച്ച ശർക്കര പാക്കറ്റുകൾ ആണെന്നാണ് സംഘ്പരിവാർ സംഘടനകൾ പറയുന്നത്. ഇതിന്റെ പിന്നിൽ ബോധപൂർവ ശ്രമങ്ങളുണ്ടെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് വിവാദം?
ശബരിമലയില്‍ അരവണ, അപ്പം നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതാണ് സംഘ്പരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ഹിന്ദുത്വസംഘടനകളും രംഗത്ത് എത്തിയതോടെ വിവാദം കൊഴുത്തു. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന കൂടി വന്നതോടെ വിഷയം ബി.ജെ.പിയും ഏറ്റെടുത്തു.
ഹൈക്കോടതിയില്‍ നടന്നത് എന്ത്?
ശബരിമലയില്‍ ഹലാൽ ശർക്കര ഉപയോഗിക്കുന്നതിനെതിരെ ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടുകയും ചെയ്തു. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾ പരിശുദ്ധവും പവിത്രവുമായിരിക്കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന നടപടിയാണെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും പ്രതികരണം ഇങ്ങനെ...
ശബരിമലയിലെ അപ്പം, അരവണ നിർമാണത്തിനുള്ള ശർക്കര അടക്കമുള്ള വസ്തുക്കളുടെ ഗുണമേന്മ പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ടെന്നാണ് ഹരജി പരിഗണിക്കവേ സർക്കാറും ദേവസ്വം ബോർഡും വ്യക്തമാക്കിയത്. വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ഉപയോഗിക്കുന്നത്, അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വാക്കാൽ അറിയിക്കുന്നു.
എന്താണ് വസ്തുത?
വർധൻ ആഗ്രോ പ്രോസസിങ് ലിമിറ്റഡ് എന്ന കമ്പനിയാണ് ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്ന ശർക്കര എത്തിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് പോലെ മുസ്‌ലിം മാനേജ്‌മെന്റ്ല്ല ഈ കമ്പനിക്ക് പിന്നിൽ.
മഹാരാഷ്ട്രയിലെ സതാര ജില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പഞ്ചസാര നിർമാണ കമ്പനിയാണ് വർധൻ ആഗ്രോ പ്രോസസിങ് ലിമിറ്റഡ്. വിഎപിൽ എന്ന ചുരുക്കപ്പേരാണ് കമ്പനി പ്രൊഡക്ടുകളില്‍ ചേര്‍ക്കുന്നത്. പഞ്ചസാരയും പഞ്ചസാര ഉൽപ്പന്നങ്ങളുമാണ് കമ്പനിയുടെ ആകര്‍ഷണം. 2011ൽ രൂപീകൃതമായ കമ്പനിയുടെ ചെയർമാൻ ധൈര്യശിൽ ഡി കദം ആണ്. കൺസ്ട്രക്ഷൻ, പെട്രോൾ പമ്പുകൾ തുടങ്ങിയ മേഖലയിൽ 20 വർഷത്തിലേറെ അനുഭവ സമ്പത്തുമായാണ് ധൈര്യശിൽ പഞ്ചസാരയുടെ സാധ്യതകളിലേക്ക് വരുന്നത്. സത്‌വശീൽ കദം എന്ന 41കാരനാണ് കമ്പനിയുടെ ഡയരക്ടർ. വിക്രംശീൽ കദം ആണ് മാനേജിങ് ഡയരക്ടർ.
സൾഫറില്ലാത്ത പഞ്ചസാര ഉൽപ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശർക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡറും. ഈ മേഖലയിലെ ഹോൾസെയിൽ വമ്പന്മാരാണ് വർധൻ ആഗ്രോ പ്രൊസസിങ്. പല വിദേശരാജ്യങ്ങളിലേക്കും ഇവരുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഏകദേശം 5 മുതൽ 10 കോടി വരെയാണ് കമ്പനിയുടെ വാർഷിക വരുമാനം.
ഗുണനിലവാരം ഉറപ്പിക്കാനാണ് ശർക്കര പൗഡറിന്റെ ചാക്കിന്മേൽ ഹലാൽ എന്ന് എഴുതിയതെന്ന് കമ്പനിയുടെ വെബ്‌സൈറ്റും മാനേജ്‌മെന്റിനേയും പരിശോധിച്ചാൽ വ്യക്തമാകും. വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ഗൽഫ് രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി ചെയ്യുന്നത് കൊണ്ടാണ് കമ്പനി ഹലാൽ എന്ന് പതിപ്പിക്കുന്നത്. എന്നാൽ ഹലാൽ എന്ന് എഴുതിയതിന്റെ പേരിൽ മാത്രം കമ്പനിയെ സംശയത്തിലാക്കുകയാണ് സംഘ്പരിവാര്‍ സംഘടനകള്‍.
Adjust Story Font
16