വംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക: ഹമീദ് വാണിയമ്പലം
'വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളുക' എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർപാർട്ടി സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ ജനാധിപത്യത്തെ അഭിമുഖീകരിക്കാതിരിക്കുകയും അധികാരത്തിന് വേണ്ടി രാഷ്ട്രീയ ജനാധിപത്യത്തെ മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്തതാണ് ഫാസിസ്റ്റുകൾക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയതെന്ന് വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
വെറുപ്പിന്‍റെ പൊതുബോധ നിർമ്മിതിയും സാമൂഹ്യസംഘാടനവും നിർവഹിച്ചാണ് ഫാസിസം അധികാരത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. 'വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളുക' എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർപാർട്ടി സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസമത്വത്തിന്‍റെ സാമൂഹ്യഘടനയെ തിരുത്തുന്നതിൽ മതേതര ഇന്ത്യ കാട്ടിയ നിസ്സംഗതയും അസമത്വത്തിന്‍റെ രാഷ്ട്രീയ ഘടനയെ ചോദ്യം ചെയ്യാൻ മറ്റ് പാർട്ടികൾ തയ്യാറാകാതിരുന്നതുമാണ് ഫാസിസത്തിന് വഴികൾ സുഗമമാക്കിയത്. അധികാരത്തിലില്ലാതിരുന്ന കാലത്തും ഇത്തരം ശക്തികൾ വർഗീയ ധ്രുവീകരണത്തിനുള്ള ചുവടുവെയ്പുകൾ നടത്തിയിരുന്നു.
ഫാസിസത്തിന് വേരൂന്നാൻ പാകത്തിലുള്ള സവർണ്ണ രാഷ്ട്രീയ ഘടനയാണ് ഇന്ത്യയിലുള്ളത്. ജാതിവ്യവസ്ഥയിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള അധികാര മനോഭാവത്തിലാണ് ഇന്ത്യൻ ഫാസിസം വേരാഴ്ത്തിയിരിക്കുന്നത്. വർഗീയതയുടെയും ജാതീയതയുടെയും സാമൂഹ്യഘടനയെ അഴിച്ചുപണിയാതെ ഫാസിസത്തെ പിഴുതെറിയാനാവില്ല. എന്നാൽ അസമത്വത്തിന്‍റെ സാമൂഹ്യഘടനയെ തിരുത്തുന്നതിനുള്ള സോഷ്യൽ എഞ്ചിനിയറിങ്ങിന് ആരും തയ്യാറാകുന്നില്ല. വിദ്യാഭ്യാസ പുരോഗതിയോ സാമ്പത്തിക ഉന്നമനമോ കൊണ്ട് ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനാകില്ല.
അതിന് മനോഭാവങ്ങളിലാണ് മാറ്റം വരേണ്ടത്. വികസനത്തിന്‍റെ കെട്ടുകാഴ്ചകൾക്കിടയിൽ ദളിതരും ആദിവാസികളും പുഴുക്കളെ പോലെ ജീവിക്കുകയാണ്. സൗഹാര്‍ ദ്ദത്തിന്‍റെ സ്നേഹച്ചരടുകൾ മുറിച്ചുമാറ്റപ്പെടുകയാണ്. ജാതിവ്യവസ്ഥയെ തൊടാതെയാണ് കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയത്. വൈവിധ്യങ്ങളാണ് രാജ്യത്തിന്‍റെ സൗന്ദര്യവും കരുത്തും. ഫാസിസത്തിന്റെ വളർച്ചക്ക് തടയിടുന്ന മൂല്യങ്ങൾ ആണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത്. ഒരുമിച്ചിരുന്നും അനുഭവങ്ങൾ പങ്കിട്ടും സാഹോദര്യകൂട്ടായ്മ വളർത്തിയെടുത്തുകൊണ്ട് സാമൂഹികനീതിക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് എന്‍.എം അൻസാരി അധ്യക്ഷത വഹിച്ചു. മാഗ്ളിൻ ഫിലോമിന,അഡ്വ. നൗഫൽ കരമന,കല്ലറ ഗോപാലകൃഷ്ണൻ നായർ, റജു ഡി.എച്ച്.ആര്‍.എം ,കരകുളം സത്യകുമാർ, കല്ലറ ജയകുമാർ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഫാത്തിമ നവാസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ നന്ദിയും പറഞ്ഞു.
Adjust Story Font
16