തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരായ പീഡന പരാതി; എസ്.സുനിൽ കുമാറിനെ തൃശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു
സുഹൃത്തിന്‌റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരായ പീഡന പരാതിയിൽ എസ്.സുനിൽ കുമാറിനെ തൃശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നാണ് സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്‌റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു അധ്യാപകനെതിരെ കേസെടുത്തിരുന്നത്. സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാൽസംഗ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു.
സുനിൽ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പീഡനത്തിനിരയായ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. എന്നാൽ അധ്യാപകനെ അറസ്റ്റ് ചെയ്യുകയോ കോളജിൽ നിന്ന് പുറത്താക്കുകയോ ചെയ്തിരുന്നില്ല. പരാതി നൽകാൻ എത്തിയപ്പോൾ വിദ്യാർഥിനിയോട് സ്റ്റേഷൻ എസ് ഐ മോശമായി പെരുമാറിയെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.
ഓറിയന്റേഷൻ ക്ലാസ്സിനിടെ താൽക്കാലിക അധ്യാപകൻ രാജ വാര്യർ പരാതിക്കാരിയായ കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. തുടർന്ന് സ്കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി എത്തിയ സുനിൽകുമാർ സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്.
Adjust Story Font
16