'ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരനുമില്ലാതെ കേരളം നിങ്ങൾക്കു നേരിട്ടു കൈ തരും'; മോദിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി
"മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ"
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിലെ വികസനത്തിന് ഫണ്ട് അനുവദിച്ചതിൽ മലയാളി എന്ന നിലയിൽ നന്ദിയുണ്ടെന്നും ഇങ്ങനെയെങ്കിൽ ഒരു ഇടനിലക്കാരനുമില്ലാതെ കേരളം നിങ്ങൾക്ക് കൈ തരുമെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലാണ് പേരടിയുടെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ;
മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്...മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി...ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും...കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ..
ആകെ 11.7 കിലോമീറ്റർ നീളം, ചെലവ് 1957 കോടി
കലൂർ സ്‌റ്റേഡിയം-ഇൻഫോപാർക്ക് പാതയ്ക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. സെപ്തംബർ ഒന്നിന് രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. 11.17 കിലോമീറ്റർ നീളമുള്ള പാതയുടെ ചെലവ് 1957 കോടി രൂപയാണ്. 11 സ്റ്റേഷനുകളാണ് ഉണ്ടാകുക.
ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം 5,181.79 കോടി രൂപയ്ക്കാണ് പൂർത്തിയായത്. 25.6 കിലോമീറ്റർ നീളമുള്ള പാതയിൽ 22 സ്റ്റേഷനുകളുണ്ട്. പിന്നീട് ഫേസ് 1എ പദ്ധതിയിൽപ്പെടുത്തി പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള 1.80 കി.മീ 710.93 കോടിക്കു പൂർത്തിയായി. ഫേസ് 2 ബി പദ്ധതിയിൽപ്പെടുത്തി എസ്എൻ ജംഗ്ഷനിൽനിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.
Adjust Story Font
16