Quantcast

'നിങ്ങള്‍ പറഞ്ഞ കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി ഞങ്ങള്‍ക്ക്'; പിന്തുണയുമായി ഹരീഷ് പേരടി

ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുതെന്നും രാമകൃഷ്ണനോട് അദ്ദേഹം അഭ്യര്‍ഥിച്ചു

MediaOne Logo

Web Desk

  • Published:

    21 March 2024 11:33 AM GMT

Hareesh Peradi
X

കൊച്ചി: ആര്‍എല്‍വി രാമകൃഷണന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. നിങ്ങള്‍ പറഞ്ഞ കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി ഞങ്ങള്‍ക്കെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുതെന്നും ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാമെന്നും രാമകൃഷ്ണനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ലെന്നും സൗന്ദര്യമുള്ള പുരുഷന്‍മാര്‍ക്കെ മോഹിനിയാട്ടം ഭംഗിയായി ചെയ്യാനാകൂവെന്നുമായിരുന്നു നര്‍ത്തകി കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആര്‍.എല്‍.വി രാമകൃഷ്ണനെ പിന്തുണച്ച് സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ രംഗത്തെത്തി. 'മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭയാണ് രാമകൃഷ്ണനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമ നിലപാട് തിരുത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ആര്‍.എല്‍.വി കോളജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സത്യഭാമയെ തള്ളി കലാമണ്ഡലവും രംഗത്തുവന്നു. സത്യഭാമയുടെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് കുറിച്ച കലാമണ്ഡലം, സത്യഭാമയുടെ നിലപാടുകള്‍ നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ വിദ്യാര്‍ഥി യുവജന സംഘടനകളും രാമകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. അതേസമയം പരാമര്‍ശത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടെടുത്ത് അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ വീണ്ടും രംഗത്ത് എത്തി. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി.


TAGS :

Next Story