കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമൻ അവാർഡ് കെ.പി ഹാരിസിന്
2022 ഡിസംബർ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ 'മെസിമുത്തം' എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകൽപന ചെയ്തതിനാണ് പുരസ്‌കാരം.
കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകൽപനക്ക് കാലിക്കറ്റ് പ്രസ് ക്ലബ് ഏർപ്പെടുത്തിയ 2022ലെ തെരുവത്ത് രാമൻ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റർ കെ.പി ഹാരിസ് (ഹാരിസ് മടവൂർ) അർഹനായി. 2022 ഡിസംബർ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ 'മെസിമുത്തം' എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകൽപന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മുതിർന്ന മാധ്യമപ്രവർത്തകരായ എ. സജീവൻ, വി. ഇ. ബാലകൃഷ്ണൻ, ആർട്ടിസ്റ്റ് ഇ.എൻ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിർണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ് രാകേഷും വാർത്താകുറിപ്പിൽ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയതാണ് അവാർഡ്.
കോഴിക്കോട് ജില്ലയിലെ മടവൂർ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്‌ലിയാരുടേയും ആസ്യയുടെയും മകൻ. ബി.എ, ബി.എഡ് ബിരുദങ്ങൾക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്ലബ്ബിൽനിന്ന് ജേർണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009ൽ ചന്ദ്രികയിൽ ജോലിയിൽ പ്രവേശിച്ചു. നിലവിൽ കോഴിക്കോട് ഹെഡ് ഓഫീസിൽ സബ് എഡിറ്ററാണ്. മലബാർ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. സിൻസിയയാണ് ഭാര്യ. മക്കൾ: ആയിശ നബ്ഹ, അസിൽ അബ്ബാസ്.
Adjust Story Font
16