'ഹരിത' നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമെന്ന് മുസ്‍ലിം ലീഗ്
പരാതിയിൽ പാർട്ടി തീരുമാനമെടുക്കാനിരിക്കെ കമ്മ്യൂണിസ്റ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന വനിതാ കമ്മീഷനിൽ നൽകേണ്ടിയിരുന്നില്ലെന്ന് അഡ്വ.എൻ.എ കരീം
'ഹരിത' നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. പാർട്ടിക്ക് ലഭിച്ച പരാതിയിൽ തുടര്‍നടപടികള്‍ പരിഗണനയിലിരിക്കുകയായിരുന്നു. വിഷയത്തിൽ ഇരു സംഘടനാ ഭാരവാഹികളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയതാണ്. ഇത്തരം കാര്യങ്ങള്‍ സംഘടനാ പരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ.സലാം പ്രതികരിച്ചു.
ഹരിത നേതൃത്വത്തെ വിമർശിച്ച് എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എൻ.എ കരീമും രംഗത്തെത്തി. മുസ്‍ലിം ലീഗിനെ ആക്രമിക്കുന്നവർക്ക് ആയുധം നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണെന്നും സംഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു എൻ.എ കരീമിന്റെ പ്രതികരണം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തീരുമാനം എടുക്കാൻവെച്ച കാര്യത്തെ കമ്മ്യൂണിസ്റ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന വനിതാ കമ്മീഷനിൽ നൽകേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നതെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ ഉണ്ടായ തർക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണമെന്നുമായിരുന്നു എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്റെ പ്രതികരണം. പാർട്ടിയിലെ സെലിബ്രിറ്റികളുടെ ആലയിൽ ഇരിക്കേണ്ട ഗതികേടൊന്നും തനിക്ക് വന്നിട്ടില്ലെന്നും നവാസ് വ്യക്തമാക്കി. പിന്നാലെ പി.കെ നവാസിനെ പിന്തുണച്ച് എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ നജാഫും രംഗത്തെത്തി.
ഹരിത നേതാക്കളുടെ പരാതിയെക്കുറിച്ച് വനിതാ ലീഗിന് ഒന്നുമറിയില്ലന്ന് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് വ്യക്തമാക്കി.
Adjust Story Font
16