മലിനജല പ്ലാന്റ് നിർമാണം: കോഴിക്കോട് ആവിക്കൽതോട്ടിൽ ഇന്ന് ഹർത്താൽ
മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായതിൽ രക്ഷാപ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് ഇന്ന് കോഴിക്കോട് ചാലിയം ഹാർബറിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്
കോഴിക്കോട്: ജനവാസമേഖലയിൽ മലിനജല പ്ലാന്റ് നിർമ്മിക്കുന്നതിരെ കോഴിക്കോട് ആവിക്കൽതോട്ടിൽ ഇന്ന് ഹർത്താൽ. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലിസ് കാവലിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാന്റ് നിർമാണം അവസാനിപ്പിക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.
അതേസമയം, മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായതിൽ രക്ഷാപ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് ഇന്ന് കോഴിക്കോട് ചാലിയം ഹാർബറിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ചാലിയത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞത്. അപകടത്തിൽപെട്ട ആറുപേരിൽ അഞ്ചുപേരെ രക്ഷിച്ചിരുന്നു. എന്നാൽ, സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കാണാതായ ചാലിയം സ്വദേശി കുഞ്ഞാപ്പുവിനെ കണ്ടെത്താനായിട്ടില്ല.
തെരച്ചിൽ ഊർജിതമല്ലെന്നും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഇന്ന് ചാലിയം ഹാർബർ അടച്ചിട്ട് മുഴുവൻ മത്സ്യത്തൊഴിലാളികളും പ്രതിഷേധിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മണിക്കൂറുകളോളം ചാലിയം റോഡ് മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചിരുന്നു. അതേസമയം, രക്ഷാപ്രവർത്തനത്തിന് കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് കോസ്റ്റൽ പൊലീസിന്റെ വിശദീകരണം.
Summary: Hartal in Avikkal, Kozhikode, today against the construction of a sewage plant in a residential area
Adjust Story Font
16