ഹർത്താൽ അക്രമം; 274 പോപുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ
നല്ലളത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടു പോപുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഹർത്താൽ ദിനത്തിലുണ്ടായ അക്രമത്തിൽ 274 പോപുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. 27 കേസുകളാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. 15 പേരെ കരുതൽ തടങ്കലിലാക്കി. ഇതോടെ ആകെ അറസ്റ്റിലായത് 1287 പോപുലർ ഫ്രണ്ട് പ്രവർത്തകരാണ്. 308 കേസുകൾ രജിസ്റ്റർ ചെയ്തു. 834 പേരെയാണ് കരുതൽ തടങ്കലിലാക്കിയത്.
ഹർത്താൽ ദിനത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വ്യാപക പരിശോധനയാണ് നടന്നത്. പിഎഫ്‌ഐ പ്രവർത്തകരുടെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. കണ്ണൂർ, മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലീസ് പരിശോധന നടന്നത്.
ഹർത്താൽ ദിനത്തിൽ നല്ലളത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടു പോപുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അരക്കിണർ സ്വദേശികളായ മുഹമ്മദ് ഫാത്തിം, അബ്ദുൽ ജാഫർ എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താൽ നിയമവിരുദ്ധമെന്ന് ജസ്റ്റിസ് കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട് ഡിവിഷൻ ബഞ്ച് വ്യക്തമാക്കുകയും ചെയ്തു.
Adjust Story Font
16