'താടിവെച്ച ചെക്കൻ, കാവി ടോപ്പിട്ട പെണ്ണ്'; പരസ്യത്തിന്റെ പേരിൽ മാതൃഭൂമിക്കെതിരെ വിദ്വേഷപ്രചാരണം
മാതൃഭൂമി കീഴിലുള്ള ഇൻഷൂറൻസിന്റെ പരസ്യത്തിലെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം.
കോഴിക്കോട്: പരസ്യത്തിന്റെ പേരിൽ മാതൃഭൂമി പത്രത്തിനെതിരെ വിദ്വേഷപ്രചാരണം. പത്രത്തിന്റെ കീഴിലുള്ള ഇൻഷൂറൻസിന്റെ പരസ്യത്തിലെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. നസ്രാണി സൈബർ ആർമി, കേരള നസ്രാണി തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലാണ് പ്രചാരണം.
ലവ് ജിഹാദിനെതിരെ മാതൃഭൂമി ബ്രില്യൻസ് എന്ന പരിഹാസത്തോടെയാണ് 'നസ്രാണി സൈബർ ആർമി' എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. താടിവെച്ച മീശയില്ലാത ദീനിയായ ചെക്കൻ. കാവി ടോപ്പിട്ട തട്ടമില്ലാത്ത പെണ്ണ്. കല്യാണത്തിന് മുമ്പ് രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇൻഷൂറൻസ് എടുത്തോളൂ എന്നാണ് മാതൃഭൂമി പറയാതെ പറയുന്നതെന്നും പോസ്റ്റിൽ പറയുന്നു.
വിവാഹത്തിന് ഒരുങ്ങുന്ന ഒരു ചെക്കന്റെയും പെണ്ണിന്റെയും ഫോട്ടോ വരച്ചുതരണമെന്ന് പറഞ്ഞപ്പോൾ മാതൃഭൂമിയിലെ ആർട്ടിസ്റ്റ് അതിലൂടെ ലവ് ജിഹാദ് പ്രമോഷൻ നടത്താൻ നോക്കിയതാവുമെന്നാണ് 'കേരള നസ്രാണി' എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ പറയുന്നത്. എന്നാൽ ഫോട്ടോ ലൈഫ് ഇൻഷൂറൻസ് പോളിസിയുടെ പരസ്യത്തിന്റെ ഭാഗമായപ്പോൾ സുഡാപ്പിയുടെ നിഗൂഢ അജണ്ട തിരിഞ്ഞുകൊത്തിയെന്നും പോസ്റ്റിൽ പറയുന്നു.
Adjust Story Font
16