‘പിസി ജോർജ് വർഗീയ വിഷം ചീറ്റുന്നത് ഇതാദ്യമല്ല’; എന്നിട്ടും പൊലീസ് നടപടികളെല്ലാം പേരിന് മാത്രം
കേരളത്തിന്റെ മതസൗഹാർദ്ദത്തിന് പരിക്കുണ്ടാകുന്ന പരാമർശങ്ങൾ പി.സി ജോർജ്ജടക്കമുള്ളവർ നിരവധി തവണ നടത്തിയിട്ടുണ്ട്
കോഴിക്കോട്: പൊതുവേദിയിലും ചാനൽ ചർച്ചകളിലും വർഗീയ പ്രസ്താവന നടത്തിയതിന്റെ പേരിൽ നേരത്തെയും വിവാദത്തിലായ ബിജെപി നേതാവാണ് പി.സി ജോർജ്. പലപ്പോഴും വിവാദമാവുകയും പരാതി ഉയരുകയും ചെയ്തിട്ടുണ്ടെങ്കിലും പൊലീസ് നടപടിയെടുത്തിരിക്കുന്നത് അപൂർവമാണ്. അതിനിടയിലാണ് ജനം ടിവിയിൽ അനിൽ നമ്പ്യാർ നയിച്ച ചാനൽ ചർച്ചയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് വീണ്ടും വിദ്വേഷ വർഗീയ പ്രസ്താവന നടത്തിയത്. കേരളത്തിന്റെ മതസൗഹാർദ്ദത്തിന് പരിക്കുണ്ടാകുന്ന പരാമർശങ്ങൾ പി.സി ജോർജ്ജടക്കമുള്ളവർ നിരവധി തവണ നടത്തിയിട്ടുണ്ടെങ്കിലും, നടപടി പേരിൽ ഒതുങ്ങുകയായായിരുന്നു.
ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്‌ലിമല്ലെന്ന് കണ്ടാൽ കൊല്ലുന്നതാണ് അവരുടെ രീതി. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണ്. കേരളത്തിലെ സ്വത്ത് മുഴുവൻ മുസ്‌ലിംകൾ കൊള്ളയടിക്കുകയാണ് ഇങ്ങനെ നീണ്ടുപോകുന്നു പി.സി ജോർജിന്റെ പരാമർശങ്ങൾ.
പരാമർശങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവരികയും, നിരവധി പേർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇന്ന് രാവിലെ പി.സി ജോർജ് പരാമർശത്തിൽ ഖേദം അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാൽ ഇതാദ്യമായല്ല പിസി ജോർജ് മുസ്ലിം സമുദായത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തുന്നത്. ഇതിന് മുൻപ് പല തവണ പിസി ജോർജ് സമാന പരാമർശങ്ങൾ നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. പിസി ജോർജ് ചീറ്റിയ വർഗീയ വിഷത്തിനെതിരെ നേരത്തെയും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.
2022 ഏപ്രിൽ 29 ന് പിസി ജോർജ് നടത്തിയ വർഗീയ പരാമർശങ്ങൾ വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാപരിഷത്ത് 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി ജോർജ് രാജ്യത്തെ മുസ്‍ലിംകൾക്കെതിരെ വർഗീയ വിഷം ചീറ്റിയത്. രാജ്യത്തെ നിയമവാഴ്ചയേയും ജനാധിപത്യമൂല്യങ്ങളെയും വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി.സി ജോർജിന്റെ പ്രസംഗം. കച്ചവടം ചെയ്യുന്ന മുസ്ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നതുൾപ്പടെയായിരുന്നു പിസി ജോർജിന്റെ പരാമർശങ്ങൾ.
മുസ്ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‍ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു എന്നും പി.സി ജോർജ് പറഞ്ഞു. പിന്നാലെ തന്നെ പി.സി ജോർജിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നു. മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ പരാതി നൽകിയിരുന്നു.
പിന്നാലെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പിസി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസ് എടുത്തു. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. 153 എ വകുപ്പ് പ്രകാരമാമായിരുന്നു കേസ്. 2022 മെയ് ഒന്നിന് പി സി ജോർജിനെ അറസ്റ്റ് ചെയ്യുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ ദിവസങ്ങൾക്ക് ശേഷം പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തി. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതോടെ പിസി ജോർജ് വീണ്ടും അറസ്റ്റിലായിരുന്നു. പിന്നീട് കർശന ജാമ്യവ്യവസ്ഥകളോടെ വീണ്ടും ജാമ്യം ലഭിച്ചു. ഇതിനിടയിൽ വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ചടങ്ങിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിനും പിസി ജോർജിനെതിരെ കേസ് എടുത്തിരുന്നു. ഇതിൽ പിസി ജോർജ് മുൻകൂർ ജാമ്യം നേടി.
2023 നവംബറിലും പിസി ജോർജ് മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. തിരുവല്ലയിൽ നടന്ന 'ഹമാസ് ഭീകരർക്കെതിരെ ജനകീയ കൂട്ടായ്മ' എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു പരാമർശം. 2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികൾ പ്രവർത്തിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾ പ്രസവിക്കാൻ തയ്യാറാകുന്നില്ല. എന്നാൽ മുസ്‌ലിം സ്ത്രീകൾ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും എന്ന് പറഞ്ഞു നിൽക്കുകയാണ് തുടങ്ങിയവയായിരുന്നു പിസി ജോർജിന്റെ പരാമർശം. ഹിന്ദു - മുസ്ലിം ജനസംഖ്യ വിശകലനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗം. പെൺകുട്ടികളെ മുസ്‍ലിംകൾ കടത്തിക്കൊണ്ട് പോകുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഏറ്റവും ഒടുവിൽ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്ക് കാരണം പൊളിറ്റിക്കൽ ഇസ്ലാമാണെന്ന് പി.സി ജോർജ് വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യ രാജ്യത്തെ വിഭജിച്ച് പാകിസ്താനിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളുടെ വോട്ട് വാങ്ങിയാണ് രാഹുൽ ജയിച്ചതെന്നും പിസി ജോർജ് പറഞ്ഞിരുന്നു. പിവി അൻവർ ഉൾപ്പടെയുള്ളവരുടെ മതം എടുത്തുകാണിച്ചും പിസി ജോർജ് വിമർശനം ഉന്നയിച്ചിട്ടുണ്ട്.
വർഗീയ പരാമർശങ്ങൾക്കൊപ്പം സ്ത്രീവിരുദ്ധ പരാമർശങ്ങളും പിസി ജോർജിനെ വെട്ടിലാക്കിയിട്ടുണ്ട്. പലപ്പോഴും ജോർജ് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. 2024 ജനുവരിയിൽ പിസി ജോർജ് ബിജെപിയിൽ ചേർന്നിരുന്നു.
Adjust Story Font
16