അയാൾ ക്രിമിനലാണ്, ലൈംഗികമായി ഉപദ്രവിച്ചു; സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി
ദുരനുഭവം തുറന്നു പറഞ്ഞതിനു സിനിമാ മേഖലയിൽ നിന്നു മാറ്റി നിർത്തിയെന്നും വെളിപ്പെടുത്തൽ
തിരുവനന്തപുരം: അമ്മ ജന. സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി രംഗത്ത്. സിദ്ദിഖിൽ നിന്നും ലൈഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് യുവ നടിയുടെ വെളിപ്പെടുത്തൽ. 'അമ്മ' എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.
ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചൂവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നും നടി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തി.
നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് സിനിമാ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും സ്ഥിരം സംഭവമാണെന്ന നിലയിലായിരുന്നു എല്ലാവരുടേയും പ്രതികരണമെന്നും അവർ വെളിപ്പെടുത്തി. സിനിമാ മേഖലയിലെ ഉന്നതരായ വ്യക്തികളിൽ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായതായി തന്റെ നിരവധി സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടെന്നും യുവ നടി കൂട്ടിച്ചേർത്തു.
നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ഒരു സംവിധാനവും കൂടെയുണ്ടായിരുന്നില്ല. കുടുംബം മാത്രമാണ് കൂടെയുണ്ടായിരുന്നത്. 21ാം വയസിൽ നടന്ന സംഭവമുണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. അവർ പറഞ്ഞു. സിദ്ദിഖിനെതിരെ സമാന ആരോപണങ്ങളുമായി ഇവർ 2019ലും രംഗത്തു വന്നിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി അന്ന് ഇക്കാര്യം തുറന്നു പറഞ്ഞത്.
സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്നും യുവനടി ആവശ്യപ്പെട്ടു.
Adjust Story Font
16