അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനി
കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളെ കൊണ്ട് പീഡന കേസ് നൽകാൻ നിർബന്ധിച്ചെന്നാണ് പരാതി
കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂള്‍
കാസര്‍കോട്: അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയതായി വിദ്യാർഥിനി. കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളെ കൊണ്ട് പീഡന കേസ് നൽകാൻ നിർബന്ധിച്ചെന്നാണ് പരാതി. പരാതി നൽകിയില്ലെങ്കിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതാക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു.
ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും പരാതി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനികൾ പൊലീസിലും കോടതിയിലും മൊഴി നൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ സമയത്ത് പരാതി നൽകാൻ നിർബന്ധിച്ചതിലൂടെ വിദ്യാർഥിനികൾ മാനസികമായി പ്രയാസത്തിലായതായി മാതാവ് പറഞ്ഞു.
സംഭവം അന്വേഷിക്കാൻ പിടിഎ 6 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി. ആരോപണവിധേയനായ അധ്യാപകനോട് ഹെഡ്മിസ്ട്രസ് ഇൻചാർജിനും കൗൺസിലറിനുമുള്ള വ്യക്തി വിരോദമാണ് പരാതിക്ക് കാരണമെന്നാണ് പിടിഎയുടെ കണ്ടെത്തൽ. കൗൺസിലറിനെതിരെ നേരത്തെയും പിടിഎ യ്ക്ക് പരാതി ലഭിച്ചിരുന്നു. രണ്ട് അധ്യാപികമാർ, മദർ പിടിഎ പ്രസിഡൻ്റ്, പിടിഎ വൈസ് പ്രസിഡൻ്റ്, ഒരു എക്സിക്യൂട്ടിവ് കമ്മറ്റി അംഗം, എസ് എം സി ചെയർമാൻ എന്നിവരടങ്ങിയ സംഘമാണ് പരാതി അന്വേഷിച്ചത്.
Adjust Story Font
16