അടുത്തമാസം മുതൽ ഹോട്ടൽ ജോലിക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും: മന്ത്രി വീണാജോർജ്
'പരിശോധിക്കാതെ ലൈസൻസ് നൽകിയാൽ ഡോക്ടറുടെ രജിസ്‌ട്രേഷനടക്കം റദ്ദാക്കും'
വീണാജോർജ്
പറവൂർ: വടക്കൻ പറവൂരിൽ ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ പഴുതടച്ച നടപടിളെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒളിവിൽ കഴിയുന്ന ഹോട്ടലുടമകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
നിലവിലെ സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി ഭക്ഷ്യ സുക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കുകയാണ്. ഫെബ്രുവരി 1 മുതൽ ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും. പരിശോധിക്കാതെ ലൈസൻസ് നൽകിയാൽ ഡോക്ടറുടെ രജിസ്‌ട്രേഷൻ അടക്കം റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഒളിവിൽ പോയ പറവൂർ മജ്‌ലിസ് ഹോട്ടൽ ഉടമകളായ നാല് പേർക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പാചകക്കാരൻ മാത്രമാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുളളത്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം വന്നശേഷം പൊലീസ് കൂടുതൽ നടപടികളിലേക്ക് നീങ്ങും. ഹോട്ടലിനെതിരെ നഗരസഭയുടെ ഭാഗത്ത് നിന്ന് എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് പറവൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മീഡിയവണിനോട് പറഞ്ഞു. ആരോഗ്യനിലതൃപ്തികരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ വീടുകളിലേക്ക് മടങ്ങി.
Adjust Story Font
16