സര്‍ക്കാര്‍ ആശുപത്രിയില്‍ പകല്‍ക്കൊള്ള, റെസീപ്റ്റ് പോലുമില്ലാതെ വാങ്ങിയത് 25000 രൂപ...!; യുവതിയുടെ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
താലൂക്ക് ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സിന്‍സി അനില്‍, മിത്ര എന്നിവര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
സർക്കാർ ആശുപത്രിയിൽ നടക്കുന്നത് പകൽക്കൊള്ളയെന്ന് ചൂണ്ടിക്കാട്ടി യുവതി എഴുതിയ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സിന്‍സി അനില്‍, മിത്ര എന്നിവര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു അമ്മമാരുടെ ഫേസ്ബുക് കുറിപ്പ്. പഠനവൈകല്യമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സിൻസിയും മിത്രയും കുട്ടികളുമായി എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഐ.ക്യു ടെസ്റ്റിനെത്തിയത്. എന്നാല്‍ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ.ക്യു ടെസ്റ്റ് നടത്താൻ അന്യായമായി തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു.
ഒരു പകൽ കൊള്ളയെ കുറിച്ചാണ് ഈ പോസ്റ്റ് എന്ന തലക്കെട്ടോടെയായിരുന്നു സിന്‍സി അനിലിന്‍റെ ഫേസ്ബുക് കുറിപ്പ്. ഈ ചൂഷണം അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല, ഇന്നലെ മോനെയും കൊണ്ട് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പഠനവൈകല്യമുള്ള സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യത്തിനായി ഐ.ക്യു ടെസ്റ്റ് നടത്താൻ പോയി. 25 കുട്ടികൾ എങ്കിലും അവിടുയുണ്ടായിരുന്നെന്നും ഓരോരുത്തരുടേയും കൈയ്യില്‍ നിന്നും 1000 രൂപ വീതം പരിശോധിക്കാനെത്തിയ ഡോക്ടര്‍ വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. റെസീപ്റ്റ് പോലുമില്ലാതെയാണ് ഇങ്ങനെയൊരു പകല്‍ക്കൊള്ള താലൂക്ക് ആശുപത്രിയില്‍ നടന്നത്. സിന്‍സി അനില്‍ പറയുന്നു.
ഏറ്റവും പരിഗണന ലഭിക്കേണ്ട ഈ വിഭാഗം കുട്ടികളോട് കാണിക്കുന്ന നെറികേടാണിതെന്നും ഫേസ്ബുക് കുറിപ്പിലൂടെ സിന്‍സി അനില്‍ പറഞ്ഞു. 1,000 രൂപ കൊണ്ട് വരണം എന്ന് ഹോസ്പിറ്റലിൽ നിന്നും തലേന്ന് വിളിച്ചു പറഞ്ഞിരുന്നു. അപ്പൊൾ തന്നെ ഇതൊരു ചൂഷണം ആണെന്ന തോന്നലുണ്ടായിരുന്നുവെന്നും റെസീപ്റ്റ് വാങ്ങണമെന്ന് മനസ്സ് പറഞ്ഞിരുന്നുവെന്നും സിൻസി എഴുതുന്നു. ആശുപത്രിയിൽ 9 മണിക്ക് എത്താനായിരുന്നു പറഞ്ഞത്. ഇവർ കൃത്യസമയത്ത് എത്തിയെങ്കിലും ടെസ്റ്റ് നടത്തുന്ന മാഡം 10.30നാണ് എത്തിയത്.20 -25 ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഹാളിലുണ്ടായിരുന്നു. ഇവരിൽനിന്നെല്ലാം റെസീപ്റ്റ് പോലും നൽകാതെ 1000 രൂപവീതം വാങ്ങി. സിന്‍സി അനില്‍ പറയുന്നു.
ഫേസ്ബുക് കുറിപ്പ് വൈറലായതോടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തന്‍റെ ഔദ്യോഗിക ഫേസ്ബുക് അക്കൌണ്ടിലൂടെയാണ് തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചത്.
'സോഷ്യല്‍ മീഡിയയില്‍ വന്ന കമന്‍റിനെ തുടര്‍ന്നാണ് ഇടപെട്ടത്. ഈ ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായി മറ്റൊരു പരാതിയുമുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ ഒരിക്കലും അംഗീകരിക്കില്ല. ആശുപത്രിയില്‍ നിന്നും ഇതുപോലുള്ള പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്' - ആരോഗ്യമന്ത്രി വ്യക്തമാക്കി.
സിന്‍സി അനിലിന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഒരു പകൽ കൊള്ളയെ കുറിച്ചാണ് ഈ post....ഈ ചൂഷണം അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല....👇
ഇന്നലെ മോനെയും കൊണ്ട് tripunithura താലൂക്ക് ഹോസ്പിറ്റലിൽ learning disability certificate ന്റെ ആവശ്യത്തിനായി IQ test നടത്താൻ പോയി...9 മണിക്ക് എത്താൻ പറഞ്ഞു.. ഞങ്ങൾ കൃത്യസമയത്തു എത്തുകയും ചെയ്തു...
ഒരു ഹാളിൽ കുറെയധികം കുട്ടികളും രക്ഷിതാക്കളും ഇരിക്കുന്നു...ഫാനുകൾ ഇട്ടിട്ടുണ്ട്... രാവിലെ തന്നെ ചൂട് കാറ്റ് ആണ് ഹാൾ നിറയെ...
മുകളിലത്തെ നിലയിൽ sheet കൊണ്ട് മേഞ്ഞ ഒരു ഹാൾ ആയിരുന്നു അത്...അവിടെ ചുട്ടു പഴുത്താണ് എല്ലാവരും ഇരുന്നത്....
ഒന്നര മണിക്കൂർ ചൂട് കൊണ്ട് സഹിക്കാൻ ആകാതെ പിള്ളേര് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി...
എന്റെ കുഞ്ഞ് മകൾ vomit ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അവളെയും കൊണ്ട് പുറത്തേക്കു പോയി...
അപ്പോഴും അസ്സസ്മെന്റ് എടുക്കുന്ന മാഡം വന്നിട്ടില്ല...
അവിടെ 6 Ac യോളം ഉണ്ടായിരുന്നു...അത് ഓൺ ചെയ്യുന്നുമില്ല...
നോക്കിയിരുന്നു മാഡം എത്തി...
അപ്പോൾ തന്നെ ac ഓൺ ചെയ്തു...
Hyperactive ആയ കുഞ്ഞുങ്ങളെ കൊണ്ട് മാതാപിതാക്കൾ കഷ്ടപെടുന്നുണ്ടായിരുന്നു...
എന്റെ മകളെ കൊണ്ട് ഞാനും....
1000 രൂപ കൊണ്ട് വരണം എന്ന് ഹോസ്പിറ്റലിൽ നിന്നും തലേന്ന് വിളിച്ചു പറഞ്ഞിരുന്നു....
അപ്പൊൾ തന്നെ recepit വാങ്ങണം എന്നും ഇതൊരു ചൂഷണം ആണെന്നും മനസ്സ് പറഞ്ഞിരുന്നു....
25 കുട്ടികൾ മിനിമം ഉണ്ടായിരുന്നു... ഉച്ചവരെ അവര് പോക്കറ്റിൽ ആക്കിയത് 25000 രൂപ...അങ്ങനെ എത്ര ദിവസം????
Receipt ഇല്ലാതെ ആരാണ് ഈ തുക നിശ്ചയിക്കുന്നത്????
ഈ പകൽ കൊള്ള... അതും ഏറ്റവും പരിഗണന ലഭിക്കേണ്ട ഈ വിഭാഗം കുട്ടികളോട് കാണിക്കുന്ന നെറികേട് ആരോഗ്യവകുപ്പൊ സർക്കാരോ അറിയുന്നുണ്ടോ????
ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു...
പക്ഷെ എന്റെ മോള് വല്ലാതെ കരയാൻ തുടങ്ങിയപ്പോൾ എങ്ങനെ എങ്കിലും പോന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ...
അവിടെ ഉണ്ടായിരുന്ന മറ്റൊരു അമ്മയുടെ post താഴെ ചേർക്കുന്നു... 👇
Mitra Satheesh writes
ഇന്ന് മോളെയും കൊണ്ട് disability certificate ആവശ്യത്തിനായി IQ test ചെയ്യാൻ ഒരു സർക്കാർ ആശുപത്രിയിൽ പോയിരുന്നു. 9 മണിക്ക് ഹാജരാകാനാണ് പറഞ്ഞത്.
ഞങ്ങൾ ചെല്ലുമ്പോൾ ഒരു മുറി നിറയെ രക്ഷിതാക്കളും differently abled കുട്ടികളും. ഒരു കുട്ടിക്ക് നേരെ ഇരിക്കാൻ പോലും പറ്റുനില്ലയിരുന്ന്. ആ മോനെയും കൊണ്ട് അമ്മയും അച്ഛനും ബുദ്ധിമുട്ടുന്നത് ഒരു നൊമ്പര കാഴ്ച്ചയായിരുന്നു.
10 മണി ആയപ്പോഴേക്കും പല കുട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. IQ test ചെയ്യേണ്ട ഉദ്യോഗസ്ഥ ബസ്സ് കിട്ടാത്തത് കൊണ്ട് എത്തിയത് 10.30 ന്.
ടെസ്റ്റിംഗ് ആരംഭിച്ചു. മോളുടെ നമ്പർ എഴായിരുന്നു. അവളെ 12.15pm വിളിച്ചു. ഒരു കുട്ടിക്ക് ശരാശരി 15mt സമയം . 1230 ടെസ്റ്റ് കഴിഞ്ഞു. ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ 1000 രൂപ നൽകാൻ പറഞ്ഞു. പൈസ എടുത്തില്ല എന്നുള്ളത് കൊണ്ട് GPAy ചെയ്തു. രസീത് തന്നില്ല.
ചെയ്തു കഴിഞ്ഞാണ് ശ്രദ്ധിച്ചത് അത് അവരുടെ പേഴ്സണൽ number ആയിരുന്നു.
എൻ്റെ കുറച്ചു സംശയങ്ങൾ. അറിയാവുന്നവർ ഉത്തരം നൽകി സഹായിക്കുക
1. രസീത് ഇല്ലാതെ സർക്കാർ ആശുപത്രിയിൽ പുറത്ത് നിന്ന് വന്ന് ഒരാൾക്ക് ടെസ്റ്റ് നടത്തിയതിൻ്റെ പൈസ വാങ്ങാൻ സാധിക്കുമോ ?
2. പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോലും IQ test ന് ആയിരം രൂപ ( 1-11/2 മണിക്കൂർ പരിശോധനക്ക്) മാത്രം വാങ്ങുമ്പോൾ , സർക്കാർ സ്ഥാപനത്തിൽ ടെസ്റ്റ് ഒരു പ്രഹസനമായി നടത്തി 1000 രൂപ വാങ്ങുന്നതിൻ്റെ യുക്തി എന്താണ് ?
3. അവിടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളും ഉണ്ടായിരുന്നു. അവരിൽ നിന്നും ഉദ്യോഗസ്ഥ 1000 രൂപ തന്നെ വാങ്ങി. ഇതിനെ ചൂഷണം എന്നല്ലാതെ എന്താണ് വിളിക്കാൻ പറ്റുക ?
4. ഏകദേശം 20 കുട്ടികൾ IQ test nu വന്നു. 20000 രൂപ 5 മണിക്കൂർ സേവനത്തിന്. ഇത് നമ്മടെ നാട്ടിലെ നടക്കൂ 🙂🙂🙂
അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് പുറത്ത് നിന്ന് IQ test ചെയ്യാൻ മാത്രമായി അവരെ വരുത്തിച്ചു എന്നതാണ്. അങ്ങനെയാണെങ്കിൽ കൂടി സർക്കാർ ആശുപത്രിയിൽ വെച്ച് നടത്തുമ്പോൾ, പാവപ്പെട്ട രോഗികൾ ആകുമ്പോൾ ഫീസ് ന്യായമായ രീതിയിൽ നിജപെടുത്തണ്ടെ ? അവർക്ക് തോന്നുന്നത് വാങ്ങാൻ പറ്റുമോ ?
Adjust Story Font
16