ഒന്നര വർഷത്തിന് ശേഷം കോവിഡ് കേസുകൾ ആയിരത്തിൽ താഴെയായെന്ന് ആരോഗ്യമന്ത്രി
2020 ആഗസ്റ്റ് മൂന്നിനാണ് സംസ്ഥാനത്ത് ആയിരത്തിൽ താഴെ കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്
ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകൾ ആയിരത്തിന് താഴെയായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ന് 885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1554 പേർക്ക് രോഗമുക്തിയുണ്ടായി. 2020 ആഗസ്റ്റ് മൂന്നിനാണ് സംസ്ഥാനത്ത് ആയിരത്തിൽ താഴെ കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്. അന്ന് 962 പേർക്കാണ് കോവിഡ് പോസിറ്റീവായത്. അതിന് ശേഷം രണ്ടാം തരംഗമുണ്ടായി. രണ്ടാം തരംഗം താഴ്ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം താഴ്ന്നില്ല. പിന്നീട് മൂന്നാം തരംഗത്തോടെ വീണ്ടും കേസ് ഉയർന്നു. എന്നാൽ സംസ്ഥാനം ആവിഷ്‌ക്കരിച്ച കോവിഡ് പ്രതിരോധ സ്ട്രാറ്റജി ഫലം കണ്ടു. വളരെ വേഗം കേസുകൾ കുറയുകയും ആയിരത്തിൽ താഴെ എത്തുകയും ചെയ്തു. കേസ് കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ല. പൂർണമായും കോവിഡ് മുക്തമാക്കുകയാണ് ലക്ഷ്യം. മാസ്‌ക് മാറ്റാറായിട്ടില്ല. കുറച്ച് നാൾ കൂടി ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
2020 ആഗസ്റ്റ് മൂന്നിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായി വർധിച്ചു. പിന്നീടാണ് രണ്ടാം തരംഗം ഉണ്ടായത്. അത് ക്രമേണ വർധിച്ച് കഴിഞ്ഞ വർഷം മേയ് 12ന് 43,529 വരെ ഉയർന്നു. പിന്നീട് സംസ്ഥാനം നടത്തിയ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കേസുകൾ കുറഞ്ഞു. കഴിഞ്ഞ ഡിസംബർ 27ന് കോവിഡ് കേസുകൾ 1636 ആയി കുറഞ്ഞിരുന്നു. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോൺ ഇവിടേയും വ്യാപിച്ചതോടെ ജനുവരി ഒന്നോടെ മൂന്നാം തരംഗം ആരംഭിച്ചു. മൂന്നാം തരംഗത്തിൽ ഇക്കഴിഞ്ഞ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്.
കോവിഡ് ഒന്നും രണ്ടും തരംഗത്തെ പോലെ മൂന്നാം തരംഗത്തേയും നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞു. ഒരിക്കൽ പോലും ആശുപത്രി കിടക്കകൾക്കോ, ഐസിയു വെന്റിലേറ്റർ സൗകര്യങ്ങൾക്കോ, സുരക്ഷാ ഉപകരണങ്ങൾക്കോ കുറവ് വന്നിട്ടില്ല. ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. ഡെൽറ്റാ വകഭേദം രോഗ തീവ്രത കൂടുതലായിരുന്നു. എന്നാൽ ഒമിക്രോൺ വകഭേദം ഗുരുതരാവസ്ഥ കുറവാണെങ്കിലും വ്യാപന ശേഷി വളരെ കൂടുതലാണ്. സംസ്ഥാനം ആവിഷ്‌ക്കരിച്ച വാക്സിനേഷൻ യജ്ഞവും ഫലം കണ്ടു. 18 വയസിന് മുകളിലെ 100 ശതമാനം പേർക്ക് ആദ്യ ഡോസും 87 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്സിൻ നൽകാനായി. 15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കും ബഹുഭൂരിപക്ഷത്തിനും വാക്സിൻ നൽകി. ശക്തമായ പ്രതിരോധം കൂടിയായപ്പോൾ ഉയർന്ന വേഗത്തിൽ തന്നെ കേസുകൾ കുറഞ്ഞ് വരുന്നതാണ് കാണാൻ കഴിഞ്ഞത്.
മൂന്നാം തരംഗത്തിന്റെ ആദ്യം, ഈ ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനമാണ് കോവിഡ് കേസുകളിൽ വർധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയിൽ 215 ശതമാനമാണ് വർധിച്ചത്. എന്നാൽ പിന്നീടത് വളരെ വേഗം കുറഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയിൽ മൈനസ് 39.48 ശതമാനം കേസുകളാണ് കുറഞ്ഞത്. ഇനിയും കേസുകൾ വളരെ വേഗം താഴാൻ ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഇന്ന് തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂർ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂർ 34, പാലക്കാട് 32, വയനാട് 21, കാസർകോട് 10 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 24,766 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 919 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 8846 കോവിഡ് കേസുകളിൽ, 9.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള നാലു മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,808 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 826 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1554 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 196, കൊല്ലം 103, പത്തനംതിട്ട 101, ആലപ്പുഴ 120, കോട്ടയം 149, ഇടുക്കി 12, എറണാകുളം 290, തൃശൂർ 125, പാലക്കാട് 23, മലപ്പുറം 51, കോഴിക്കോട് 195, വയനാട് 73, കണ്ണൂർ 89, കാസർകോട് 27 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 8846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,44,624 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.
Health Minister Veena George has said that after a year and a half, the number of Covid cases in the state has come down to less than 1,000.
Adjust Story Font
16