ഇൻസൈഡ് ഇന്റീരിയർ എന്ന സ്ഥാപനം നടത്തി പണം തട്ടി; അഖിൽ സജീവിനെതിരെ കോഴിക്കോടും കേസ്
വീടിന്റെ ഇന്റീരിയർ വർക്ക് നടത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 90000 രൂപ വാങ്ങി പണി നടത്തിയില്ലെന്നും പരാതി
കോഴിക്കോട്: നിയമനക്കോഴ ഇടപാടിൽ ഇടനിലക്കാരൻ എന്ന് ആരോപിക്കുന്ന അഖിൽ സജീവിനെതിരെ കോഴിക്കോടും പരാതി. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലാണ് അഖിലിനെതിരെ പരാതിയുള്ളത്. ഇൻസൈഡ് ഇന്റീരിയർ എന്ന സ്ഥാപനം നടത്തി പലരിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ മാർച്ചിലാണ് അഖിൽ സജീവനും പാർട്ണർമാരും ചേർന്ന് കുന്ദമംഗലത്ത് ഈ സ്ഥാപനം തുടങ്ങിയത്.
സ്ഥാപനത്തില്‍ പ്ലംബിങ്, പ്ലൈവുഡ്, ഇലക്ട്രിക്കൽ തുടങ്ങി വിവിധ പണികൾ എടുത്തവർക്ക് പണം നൽകിയില്ല. കെട്ടിടത്തിന്റെ ഉടമസ്ഥന് അഡ്വാൻസ് മുഴുവനായി നൽകിയില്ലെന്നും എൺപതിനായിരം രൂപയുടെ ചെക്ക് നൽകി മുങ്ങിയെന്നും കെട്ടിടം വാടയ്ക്കെടുത്ത് നൽകിയവർ പറയുന്നു. വാടക കരാർ തന്റെ പേരിൽ വേണ്ടെന്നും പകരം സുഹൃത്ത് അഡ്വ.ലെനിൻ രാജിന്റെ പേരിൽ മതിയെന്നും അഖിൽ സജീവ് കെട്ടിടമുടമയെ അറിയിച്ചു. ഇതിനെ തുടർന്ന് കരാർ തയ്യാറാക്കിയെങ്കിലും ആരും ഒപ്പിട്ടില്ല.
വീടിന്റെ ഇന്റീരിയർ വർക്ക് നടത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് 90000 രൂപ വാങ്ങി പണി നടത്തിയില്ലെന്ന പരാതി കുന്ദമംഗലം പോലീസ് സ്റ്റേഷനിലുണ്ട്. ഇതിൽ അന്വേഷണം നടക്കുകയാണ്. ഷോപ്പ് തുടങ്ങുന്നതിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇൻസൈഡ് ഇന്റീരിയറിനും അഖിൽ സജീവിനുമെതിരെ 10ലധികം പരാതികളുണ്ടായിരുന്നു. പിന്നീടിതെല്ലാം കടയിലെ സ്ഥാപനങ്ങൾ നൽകി അഡ്വ. ലെനിനിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കി.
ഇനിയും പലർക്കും പണം കിട്ടാനുണ്ടെങ്കിലും ഇവരുടെ കയ്യിൽ രേഖകളൊന്നുമില്ലാത്തതിനാൽ പൊലീസ് കേസ്സെടുത്തിട്ടില്ല. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വരാമെന്നേറ്റ പ്രമുഖ നടി പണം നൽകാത്തതിനാൽ എത്തിയില്ല. തുടങ്ങി പതിനഞ്ച് ദിവസത്തിന് ശേഷം സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
Adjust Story Font
16