Quantcast

കനത്ത മഴ: ആറ് മലയാളികൾ മരിച്ചു

കണ്ണൂരും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-07-07 17:30:25.0

Published:

7 July 2022 4:39 PM GMT

കനത്ത മഴ: ആറ് മലയാളികൾ മരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം. മലപ്പുറത്തും കണ്ണൂരിലും ഇടുക്കിയിലുമായാണ് മൂന്ന് പേർ മരിച്ചത്. കർണാടകയിൽ തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് മുകളിൽ മണ്ണിടിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു. വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴയാണ് പെയ്തത്. വിവിധ സ്ഥലങ്ങളില്‍‌ വെള്ളം കയറുകയും മണ്ണിടിയുകയും ചെയ്തു. കണ്ണൂരും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

മലപ്പുറത്ത് കൊണ്ടോട്ടി പളളിക്കല്‍ ബസാർ സ്വദേശി എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് മിഖ്ദാദ് ആണ് മുങ്ങി മരിച്ചത്. ഇടുക്കിയിൽ ഒഴുക്കിൽ പെട്ട് കാണാതായ ഒഴുവത്തടം സ്വദേശി അഖിലിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. കർണാടക ബണ്ട്വാളിന് സമീപം തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ് അൽഫോൺസ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോൺ പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂരിൽ തെങ്ങ് വീണ് ചെമ്പിലോട്ട സ്വദേശി റാബിയ മരിച്ചു.

കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തിപ്പെട്ടതിനെ തുടർന്ന് മാവൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നു. കണ്ണൂരൂം പാലക്കാടും മലയോര മേഖലകളില്‍ ശക്തമായ മഴയുണ്ട്. കൃഷി നാശവും വ്യാപകമാണ്. ഇരുവഴിഞ്ഞിപ്പുഴയിലും മറ്റു ചെറുപുഴകളിലും ജലനിരപ്പ് ഉയർന്നു. ചാലിയാറിലെ കവണക്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തി.

കോഴിക്കോട് കട്ടിപ്പാറ വെട്ടിഒഴിഞ്ഞതോട്ടം എസ്എസ്എം യുപി സ്‌കൂളിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണു. ആർക്കും പരിക്കില്ലാത്തത് ആശ്വാസകരമായി.

നെല്ലിയാമ്പതിയുള്‍പ്പെടെ പാലക്കാട്ടെ മലയോര മേഖലയിലും മഴ ശക്തമാണ്. കൊല്ലങ്കോട് ഗായത്രി പുഴക്ക് കുറുകെ താൽക്കാലികമായി നിർമിച്ച റോഡ് വെള്ളത്തിൽ മുങ്ങി. ഇടുക്കിയില്‍ അടിമാലി-കുമളി റോഡിൽ കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലും മണ്ണും ഇടിഞ്ഞത് കാരണം ഗതാഗതം തടസപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെയുള്ള എല്ലാ ജില്ലകളിലുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും ഇതേ സ്ഥിതി തുടരും. തുടർന്നുള്ള മൂന്ന് ദിവസവും വടക്കന്‍ കേരളത്തില്‍ മഴ ശക്തമായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

TAGS :

Next Story