Quantcast

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ; ജിയോളജിക്കൽ സർവേ റിപ്പോർട്ട്

സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം കൂട്ടി

MediaOne Logo

Web Desk

  • Updated:

    2024-08-11 08:14:33.0

Published:

11 Aug 2024 6:17 AM GMT

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ; ജിയോളജിക്കൽ സർവേ റിപ്പോർട്ട്
X

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്‍റെ ചെരിവും മണ്ണിന്‍റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി. 2018 മുതൽ അപകടമേഖയിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുണ്ടൈക്ക ഉരുൾപൊട്ടലിൽ ഏഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്ന് ജിയോളജിക്കൽ സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉരുൾപൊട്ടലിന് മുമ്പ് 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തത് 372.6 മില്ലിമീറ്റർ മഴ. തെറ്റമലയിൽ 409 മില്ലി മീറ്റർ മഴ. സമീപ പ്രദേശങ്ങളിലെല്ലാം കനത്ത മഴ പെയ്തു. തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന് കിടന്ന പ്രദേശത്ത് അധികമായി മഴ പെയ്തിറങ്ങിയപ്പോൾ മർദം താങ്ങാനായില്ല. അതാണ് ഉരുൾപൊട്ടലിനിടയാക്കിയത് എന്നാണ് ജി.എസ്.ഐ കണ്ടെത്തൽ.

ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും ചെളിയും വെള്ളവും ഏഴ് കിലോമീറ്ററോളം ഒഴുകിയെത്തി. പുന്നപ്പുഴയുടെ ഗതിമാറിയെന്നും ജിയോളജിക്കൽ സർവേ പറയുന്നു. ഉരുൾപൊട്ടലിന്‍റെ പ്രഭവ കേന്ദ്രത്തിൽ 25 മുതൽ 40 ഡിഗ്രി വരെ ചരിവാണ്. 5 മീറ്റർ വരെയാണ് മേൽമണ്ണിന്റെ കനം. ഉരുൾ പൊട്ടാനും ആഘാതം കൂട്ടാനും ഇത് കാരണമായി. 2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജി.എസ്.ഐ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരൽമല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. ജിഎസ്ഐ ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും ദുരന്തത്തിന്റെ പൂർണ ചിത്രം തെളിയുക.


TAGS :

Next Story