എറണാകുളം ജില്ലയിൽ തോരാതെ പെരുമഴ; കടലാക്രമണം രൂക്ഷം
കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
കൊച്ചി: എറണാകുളം ജില്ലയിൽ രാവിലെ മുതൽ ശക്തമായ മഴ. ജില്ലയുടെ മലയോരമേലയിൽ മഴയ്ക്ക് ശമനമില്ല. തീരമേഖലയിൽ കടലാക്രമണവും രൂക്ഷമാണ്. ഇന്നലെ പെയ്ത മഴയിൽ മരക്കൊമ്പുകൾ ഒടിഞ്ഞ് വീണ് കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. എറണാകുളം പുത്തൻ കുരിശ് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കാറുകളുടെ മുകളിലേക്കാണ് മരക്കൊമ്പുകൾ ഒടിഞ്ഞുവീണത്.
കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാറും നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16