സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഈ മാസം മാത്രം 161 കോടിയുടെ കൃഷി നാശം
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്, സംസ്ഥാനത്താകമാനം 41,087 കർഷകരെയാണ് മഴ ബാധിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ മെയ് മാസം മാത്രം 161 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി റിപ്പോര്‍ട്ട്. 41,087 കർഷകരെയാണ് മഴ ബാധിച്ചതെന്നാണ് കൃഷി വകുപ്പിന്‍റെ കണക്ക്.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്. 56 കോടി രൂപയുടെ നാശമാണ് ജില്ലയിലുണ്ടായത്. എട്ടായിരത്തോളം കര്‍ഷകരെ മഴ ബാധിക്കുകയും ചെയ്തു. കോട്ടയം, മലപ്പുറം, വയനാട്, തൃശ്ശൂര്‍ ജില്ലകളെയും മഴ സാരമായി ബാധിച്ചു.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. രണ്ട് ജില്ലകളിൽ കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും വയനാട്ടിലുമാണ് പുതുതായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതോടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ നേരത്തെ ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിരുന്നു.
തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീന ഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും വരുംദിവസങ്ങളിൽ ലഭിക്കും. ഈ മാസം 27ഓടെ കേരളത്തിൽ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി.
Adjust Story Font
16